v-muraleedharan

തിരുവനന്തപുരം: "സമ്പൂർണ അവബോധത്തിന് ഒരു ആഗോള വിദ്യാഭ്യാസനയം" എന്ന വിഷയത്തിൽ ഈശ വിശ്വപ്രജ്ഞാനട്രസ്റ്റ് സംഘടിപ്പിച്ച ത്രിദിന ഗ്ലോബൽ എനർജി പാർലമെന്റിന്റെ (ജി.ഇ.പി) പതിനൊന്നാം സെഷൻ സമാപിച്ചു. ജി.ഇ.പി സ്ഥാപകൻ ജഗദ്ഗുരു സ്വാമി ഈശയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. സമാപന യോഗത്തിൽ ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രിയും ഹൗസ് ഒഫ് പാർലമെന്റ് ലീഡറുമായ ദിനേഷ് ഗുണവർധന, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഇന്ത്യൻ കൗൺസിൽ ഒഫ് ഗാന്ധിയൻ സ്റ്റഡീസ് ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ,​ മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്,​ ജി.ഇ.പി സെക്രട്ടറി ഡോ. എം.ആർ. തമ്പാൻ, ഡോ. ക്രിസ്റ്റഫർ ഡ്യൂമാസ് (ഫ്രാൻസ്), ഡോ. വി. രഘു എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഡോ. സി.വി. ആനന്ദബോസ് സ്പീക്കറും ഡോ. കിരൺ വ്യാസ് (ഫ്രാൻസ്)​ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. 5 ഭൂഖണ്ഡങ്ങളിലെ 18 രാജ്യങ്ങളിൽ നിന്നായി നൂറിൽപ്പരം വിദ്യാഭ്യാസ വിദഗ്ദ്ധർ ഓൺലൈൻ ചർച്ചകളിൽ പങ്കെടുത്തു. സമ്മേളനത്തിന് വിജയം ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച സന്ദേശം ഡോ. സി.വി. ആനന്ദബോസ് യോഗത്തിൽ വായിച്ചു.