sreeja

വെഞ്ഞാറമൂട്: മക്കൾക്ക് വിഷംനൽകിയ ശേഷം വിഷംകഴിച്ച് അവശനിലയിലായ വീട്ടമ്മ ആശുപത്രിയിൽ മരണമടഞ്ഞു. പുല്ലമ്പാറ കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ബിജുവിന്റെ ഭാര്യ ശ്രീജകുമാരി(26) ആണ് മരിച്ചത്. മക്കളായ ജ്യോതിക(9), ജ്യോതി(7), അഭിനവ്(3) എന്നിവരെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മൂത്തമകൾ ജ്യോതിയും മരിച്ചു. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന ശ്രീജയുടെ മാതാവ് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ശ്രീജയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ച് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ടോടെ ശ്രീജയുടെ മൂത്ത മകൾ ജ്യോതികയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ കുട്ടിയെ തേമ്പാമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിതിനിടെയാണ് പലഹാരത്തിലും ജ്യൂസിലും തനിക്കും സഹോദരങ്ങൾക്കും വിഷം കലർത്തി നൽകിയെന്ന് കുട്ടി പറയുന്നത്. തുടർന്ന് മറ്റു രണ്ട് കുട്ടികളെയും എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ ശ്രീജകുമാരി ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് മരിച്ചത്. രാത്രി 9.30തോടെയാണ് മൂത്തകുട്ടി മരിച്ചത്.

വെഞ്ഞാറമൂട്ടിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയാണ് ശ്രീജ. മൂത്ത രണ്ടു കുട്ടികൾ ആയ ശേഷം ഭർത്താവുമായി പിണങ്ങി ആറ്റിങ്ങൽ സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം കഴിയുകയായിരുന്നു. അതിലൊരു കുട്ടിയുമുണ്ട്. പിന്നീട് അയാളുമായി പിരിയുകയും ആദ്യ ഭർത്താവായ ബിജുവുമായി വീണ്ടും താമസം തുടങ്ങുകയും ചെയ്തു. ബിജു പൂനെയിൽ ടയർ വർക്ക് ഷോപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീജ വീട്ടിൽ എത്തിയിരുന്നില്ല. തൊഴിൽ സ്ഥാപനത്തിൽ സ്റ്റോക്ക് ക്ലിയറൻസ് ആയിരുന്നെന്നാണ് വീട്ടിൽ പറഞ്ഞത്. എന്നാൽ കൊല്ലത്തുള്ള ക്ഷേത്രത്തിൽ പോകാനായി സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് മറ്റു ചിലരോട് പറഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാവാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.