president

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നു. ഈ മാസം 21ന് ഉച്ചയ്ക്ക് 12.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ കാസർകോട്ടേക്ക് പോകും. കാസർകോട് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ വൈകിട്ട് 3.30ന് പങ്കെടുക്കും.

തിരിച്ച് കണ്ണൂരിലെത്തിയശേഷം അവിടെനിന്ന് വിമാനത്തിൽ കൊച്ചിയിലേക്ക്. അന്നു രാത്രിയിലും 22നും കൊച്ചി താജ് മലബാർ ഹോട്ടലിലാകും തങ്ങുക. 22ന് കൊച്ചി നേവൽ ബേസിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 23ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി 11.30ന് പൂജപ്പുരയിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സ്ഥാപിച്ച പി.എൻ. പണിക്കരുടെ പ്രതിമ അനാവരണം ചെയ്യും. അന്ന് രാജ്ഭവനിൽ താമസിച്ചശേഷം പിറ്റേന്ന് രാവിലെ ഡൽഹിക്ക് മടങ്ങും.