mb-rajesh

തിരുവനന്തപുരം: ആശയങ്ങളുടെ ആയുധപ്പുരകളാണ് ലൈബ്രറികളെന്ന് സ്‌പീക്കർ എം.ബി.രാജേഷ് പറഞ്ഞു. നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികത്തിന്റെ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിന്റെ ജനാധിപത്യവത്കരണമാണ് സമൂഹത്തെ നയിക്കുന്നത്. അക്ഷരങ്ങളെയും ആശയങ്ങളെയും സ്‌നേഹിക്കുന്നവർ സമൂഹത്തെ നയിക്കാൻ ലൈബ്രറികളെ ഉപയോഗിച്ചപ്പോൾ പ്രതിലോമ ശക്തികൾ ലൈബ്രറികൾ ആക്രമിക്കുകയും പുസ്തകങ്ങൾ കത്തിച്ചു ചാമ്പലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി. ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകാശനം ചെയ്തു. വായനയും സാമൂഹ്യപരിവർത്തനവും എന്ന വിഷയത്തിൽ സംസ്‌കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ്. രവികുമാർ പ്രഭാഷണം നടത്തി. മന്ത്രി കെ.രാജൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ ഡോ.എം.കെ.മുനീർ, മാത്യൂ ടി.തോമസ്, മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. തോമസ് കെ.തോമസ് എം.എൽ.എ സ്വാഗതവും കെ.ആൻസലൻ നന്ദിയും പറഞ്ഞു.