രജിസ്‌ട്രേഷൻ 31നുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം പോർട്ടലിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2,82,489 തൊഴിലാളികൾ. 31നകം കൂടുതൽ തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർദേശിച്ചു. ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല നിർവാഹക കമ്മിറ്റി അവലോകനയോഗം ചേർന്നു. ജില്ലയിലെ രജിസ്ട്രേഷൻ നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഹരിതകർമ്മസേന, ആശാവർക്കർമാർ, വീട്ടുജോലിക്കാർ, കർഷകർ, കെട്ടിടനിർമ്മാണ തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് യോഗം വിലയിരുത്തി. രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ ടോൾഫ്രീ നമ്പർ തയ്യാറാക്കണമെന്നും കളക്ടർ നിർദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ ലേബർ ഓഫീസർ ജി. വിജയകുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.