bhagyalakshmi-case

തിരുവനന്തപുരം: യൂ-ട്യൂബ് ബ്ളോഗറും നേമം ശാന്തിവിള സ്വദേശിയുമായ വിജയ് പി.നായരെ ആക്രമിച്ച് ദേഹത്ത് മഷിയൊഴിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം പരിഗണിച്ച ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് പ്രതികളോടും 22 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു.

ഭാഗ്യലക്ഷ്മിക്ക് പുറമെ വെമ്പായം സ്വദേശിനി ഷജ്ന എന്ന ദിയസന,​ കണ്ണൂർ സ്വദേശിനി ശ്രീലക്ഷമി അറയ്ക്കൽ എന്നിവരാണ് മറ്റു പ്രതികൾ. വിജയ് പി. നായരടക്കം 16 പേരാണ് കേസിലെ സാക്ഷികൾ.കുറ്റപത്രത്തോടൊപ്പം 22 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

2020 സെപ്തംബർ 26 നാണ് കേസിനാസ്പദമായ സംഭവം. സ്റ്റാച്യൂ- പുളിമൂടിന് സമീപം ഗാന്ധാരിയമ്മൻ കോവിലിനടുത്തുളള ശ്രീനിവസ് ലോഡ്ജിലെ 34-ാം നമ്പർ മുറിയിൽ പ്രതികൾ അതിക്രമിച്ച് കടന്ന് വിജയ് പി. നായരുടെ ശരീരത്തിൽ കറുത്ത മഷി ഒഴിക്കുകയും ചൊറിയണം കൊണ്ട് അടിച്ചശേഷം കൈയേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പ്രതികൾക്കെതിരെ അന്യായമായി അതിക്രമിച്ച് കടക്കൽ,​ കൈയേറ്റംചെയ്യൽ,​ വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുളളത്. സംഭവത്തിന് ശേഷം പ്രതികൾ ബ്ലോഗറുടെ മൊബെെൽ ഫോൺ,​ ലാപ്ടോപ് എന്നിവ എടുത്തുകൊണ്ട് പോയിരുന്നെങ്കിലും പ്രതികൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടില്ല. കുറ്റകൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികൾക്ക് ജില്ലാകോടതി നിരവധിതവണ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ഹെെക്കോടതിയിൽ നിന്നാണ് പ്രതികൾ മുൻകൂർ ജാമ്യം നേടിയത്.