
തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ജില്ലാ തലത്തിൽ പതിമ്മൂന്നംഗ സ്ക്വാഡുകൾക്ക് രൂപം നൽകി ഡി.ജി.പി അനിൽകാന്ത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് സബ്ഇൻസ്‌പെക്ടർമാരും പത്ത് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. കുറ്റാന്വേഷണമേഖലയിലും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരശേഖരണത്തിലും അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരായിരിക്കും സംഘത്തിലുണ്ടാവുക.
ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്റണത്തിലുള്ള സ്ക്വാഡ്, ഗുണ്ടകളേയും സാമൂഹ്യവിരുദ്ധരേയും മയക്കുമരുന്ന്, സ്വർണം, ഹവാല കടത്തുകാരെയും കണ്ടെത്തും. ക്രിമിനലുകളുടെ വരുമാനസ്രോതസ്, സമ്പത്ത് എന്നിവയും അന്വേഷിക്കും. സാമൂഹ്യമാധ്യമങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത് സംഘടിത കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തും.
ജില്ലാ പൊലീസ് മേധാവിമാർ ആഴ്ചയിലൊരിക്കലും റേഞ്ച് ഡി.ഐ.ജിമാർ രണ്ടാഴ്ചയിലൊരിക്കലും സ്ക്വാഡിന്റെ പ്രവർത്തനം വിലയിരുത്തും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആന്റി ഓർഗനൈസ്ഡ് ക്രൈം സെല്ലുകളുണ്ടാക്കും. ഒരു എസ്.ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഇതിലുണ്ടാവും. ജില്ലാതല ആക്ഷൻ ഗ്രൂപ്പിന്റെ ചുമതലകളാവും ഇവർക്കും.