തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവം ആവർത്തിക്കാതിരിക്കാൻ നടപടിയുമായി അധികൃതർ. ജനകീയാസൂത്രണ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതി പട്ടികജാതി ആനുകൂല്യം നൽകുന്നതിലും ഉപയോഗിക്കണമെന്നാണ് പുതിയ നിർദ്ദേശം. വാർഡുസഭ വഴി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക, ഗുണഭോക്താക്കൾക്കുള്ള ഫണ്ടുകൾ കൗൺസിൽ വഴി പാസാക്കുക എന്നീ നിർദ്ദേശങ്ങളാണ് നഗരസഭ പട്ടികജാതി ഓഫീസർക്ക് നൽകിയിരിക്കുന്നത്. ഇതിലൂടെ പട്ടികജാതി ഫണ്ടുകൾ അനർഹരുടെ കൈകളിൽ എത്തുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷ.
പട്ടികജാതി വിഭാഗക്കാർക്കായി നഗരസഭയും പട്ടികജാതി വകുപ്പും പ്രത്യേകം ഫണ്ടുകൾ അനുവദിക്കുന്നുണ്ട്. നഗരസഭാ ഫണ്ട് അനുവദിക്കുന്നത് കൗൺസിലർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ വകുപ്പ് നേരിട്ട് നൽകുന്ന ഫണ്ട് നഗരസഭയാണ് വിതരണം ചെയ്യുന്നതെങ്കിലും കൗൺസിലർമാർ പലപ്പോഴും ഇത് അറിയാറില്ല. എസ്.എസി പ്രൊമോട്ടർമാരാണ് ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യം നൽകുന്നത്. പ്രൊമോട്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മാത്രമാണ് ഇത് അറിയുന്നത്.ഇത് മറയാക്കിയാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരുന്നതും.
കുത്തഴിഞ്ഞ് പട്ടികജാതി ഓഫീസ്
തട്ടിപ്പുകൾ പലതും പുറത്ത് വന്നിട്ടും നഗരസഭയിലെ പട്ടികജാതി ഓഫീസ് കുത്തഴിഞ്ഞ നിലയിൽത്തന്നെ. ഓൺലൈൻ സംവിധാനത്തിലൂടെയാണ് വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്.
ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള സ്പാർക്കിലേക്കും ബില്ലുകൾ അപ്‌ലോഡ് ചെയ്യേണ്ട ബിംസിലേക്കും ഓൺലൈൻ വഴിയാണ് എല്ലാ രേഖകളും കൈമാറുന്നത്. എന്നാൽ കോർപ്പറേഷനിലെ പട്ടികജാതി വകുപ്പ് പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥർക്ക് കമ്പ്യൂട്ടറുകൾ പോലും അനുവദിച്ചിട്ടില്ല.
ഇത് ഓഫീസിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുമെന്നും ഓഡിറ്റ് വിഭാഗം സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഓഫീസിലെ ഫയലുകളും രജിസ്റ്ററുകളും അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിപ്പിന് കൂട്ടായി സോഫ്റ്റ്‌വെയറും
ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ബിംസ് സോഫ്റ്റ്‌വെയറിൽ ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പർ മാത്രമാണ് രേഖപ്പെടുത്തുന്നത്. ലിസ്റ്റിൽ പറയുന്ന ഗുണഭോക്താവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണോ പണം പോകുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. ഇത് മറയാക്കിയാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നതെന്നാണ് ആരോപണം.
ഏകീകരണം വാക്കിൽ മാത്രം
തദ്ദേശവകുപ്പും പട്ടികജാതി വകുപ്പും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഏകീകരിക്കണമെന്ന് 2016ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നഗരസഭയിൽ നിർദ്ദേശം നടപ്പാക്കിയിട്ടില്ല. അത്തരത്തിൽ ഏകീകരണമുണ്ടായാൽ ലിസ്റ്റ് സുതാര്യമാകും.