mall1

തിരുവനന്തപുരം: നാടിനെ വ്യവസായ സൗഹൃദമാക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും സർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ ദ്രോഹമനസ്സുമായി പ്രവർത്തിക്കുന്ന ചിലരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം ലുലുമാളിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നാടിനെ സഹായിക്കുന്നുവെന്നാണ് ഇത്തരക്കാരുടെ നാട്യം. രാഷ്ട്രപതി മുതൽ പഞ്ചായത്ത് പ്രസിഡന്റുവരെയുള്ളവർക്ക് അവർ കത്തുകളും പരാതികളുമയയ്ക്കും. അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കാൻ അവരെ വേണ്ടവിധം കാണേണ്ടിവരും. ഇത്തരക്കാർ നാടിനുതന്നെ ശാപമാണ്. അവരെ എല്ലാവരും തിരിച്ചറിയണം.


സംസ്ഥാനത്ത് 10,000കോടിയുടെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിനായി നിയമങ്ങളിൽ മാറ്റം വരുത്തി. 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ഏഴുദിവസത്തിനകം ലൈസൻസ് ലഭ്യമാക്കും. ചെറുകി‌‌ട സംരംഭങ്ങൾക്ക് മൂന്നു വർഷത്തേക്ക് ലൈസൻസെടുക്കാതെ പ്രവർത്തനം തുടങ്ങാം. മൂന്ന് വർഷത്തിനകം സാവകാശം ലൈസൻസെടുത്താൽ മതിയാകും. വ്യവസായസംരംഭകർക്ക് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്ന ഫാക്ടറി പരിശോധന നിയന്ത്രിക്കുന്നതിന് കമ്പ്യൂട്ടർ അധിഷ്ഠിത കേന്ദ്രീകൃത പരിശോധനാസംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 3200 കോടിരൂപയുടെ നിക്ഷേപം ആകർഷിക്കാനായെന്നും 4700ഒാളം എം.എസ്.എം.ഇകൾ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെയെ ലക്ഷ്യമാക്കി വിജ്ഞാനസമൂഹം സൃഷ്ടിക്കാനാണ് സർക്കാരിന് താത്പര്യം. അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിപ്പ് ലക്ഷ്യമിടുന്നു. റോഡ്-റെയിൽ-ആകാശ-ജല ഗതാഗത മേഖലകളിൽ വൻ വികസനമുണ്ടാക്കണം. അതിനായി യൂസഫലിയെ പോലുള്ള വൻകിട വ്യവസായികളിൽ നിന്നും അവർക്ക് ബന്ധങ്ങളുള്ള രാജ്യങ്ങളിൽ നിന്നും നിക്ഷേപങ്ങളുണ്ടാകണം. കോട്ടയത്തും കോഴിക്കോട്ടും മാളുകൾ തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമാണ്. തിരുവനന്തപുരത്ത് 2000 കോടി മുതൽ മുടക്കുകയും പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നത് മികച്ച മാതൃകയാണ്.

തൊഴിലാളികളെ അറിഞ്ഞുള്ള സമീപനമാണ് യൂസഫലിയെ വൻ കുതിപ്പിലേക്ക് നയിച്ചത്. മനുഷ്യനെ മനസ്സിലാക്കുന്ന, നാടിനെ സ്നേഹിക്കുന്ന വ്യവസായിയായ അദ്ദേഹം വിദേശരാജ്യങ്ങളിലെ കേരളത്തിന്റെ അനൗദ്യോഗിക അംബാസഡറാണ്.

എന്നും കേരളത്തോട് സൗഹൃദം പുലർത്തുകയും മലയാളികൾക്ക് കേരളം കഴിഞ്ഞാൽ തൊഴിലും നിക്ഷേപാവസരങ്ങളും അഭയവും നൽകുന്ന, കേരളം പ്രതിസന്ധിയിൽ പെട്ടപ്പോഴെല്ലാം സഹായവുമായി എത്തിയ രാജ്യമാണ് യു.എ.ഇ എന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽസെയൂദിയെയും

ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുള്ള റഹ്‌മാൻ അൽ ബന്നയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.