
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 ആയി കുറച്ച സർക്കാർ തീരുമാനം സ്റ്റേചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. വില കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉത്പാദകരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നിയമപരമായ എല്ലാ വശങ്ങളും പഠിച്ചാണ് സർക്കാർ നടപടിയെടുത്തത് എന്നാണ് ഭക്ഷ്യവകുപ്പ് അധികൃതർ പറയുന്നത്.
ആറു രൂപയിൽ താഴെ മാത്രം നിർമ്മാണച്ചെലവുള്ള കുപ്പിവെള്ളം ശരാശരി എട്ടു രൂപയ്ക്കാണ് കമ്പനികൾ കടകളിൽ കൊടുക്കുന്നത്. ഇതിൽ 12 രൂപയോളം ലാഭമെടുത്ത് വ്യാപാരികൾ വിൽക്കുന്നു എന്നായിരുന്നു സർക്കാർ കണ്ടെത്തൽ. തുടർന്നായിരുന്നു വില കുറയ്ക്കാനുള്ള തീരുമാനം. ബി.ഐ.എസ് ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാവൂ എന്നും സർക്കാർ നിഷ്‌കർഷിച്ചിരുന്നു.
2018 മേയ് 10നാണ് കുപ്പിവെള്ള വിലനിയന്ത്രണത്തിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്.
ഒരു ലിറ്റർ കുപ്പിവെള്ളം 11 രൂപയ്ക്ക് വിൽക്കണം എന്നായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചത്. കുറഞ്ഞ വില 15 രൂപയാക്കണമെന്നായിരുന്നു ഉൽപാദകരുടെ ആവശ്യം. ഒടുവിൽ 13 രൂപയെന്ന് തീരുമാനിക്കുകയായിരുന്നു. 2019 ജൂലായ് 19ന് കുപ്പിവെള്ളത്തെ അവശ്യവസ്തുവായി പ്രഖ്യാപിച്ചു.വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് 13 രൂപയാക്കി 2020 മാർച്ച് രണ്ടിന് ഉത്തരവിറങ്ങിയത്. തുടർന്ന് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയ്ക്കാണ് വിറ്റിരുന്നത്. 750 എം.എൽ വെള്ളം 10 രൂപയ്ക്കും വിൽപ്പന നടന്നുവരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഉത്പാദകർ വില വർദ്ധിപ്പിച്ചിട്ടില്ല.