police

തിരുവനന്തപുരം: നിരപരാധികളെ കസ്​റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ട പൊലീസിലെ ക്രൈംസ്ക്വാഡുകൾ വീണ്ടും വരുന്നു. സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് എന്ന് പേരുമാറ്റിയാണ് രണ്ടാംവരവ്. കു​റ്റകൃത്യങ്ങൾ തടയുകയും കു​റ്റവാളികളെ അതിവേഗം പിടികൂടുകയുമാണ് ലക്ഷ്യം. ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെ ആരെയും കസ്​റ്റഡിയിലെടുക്കാനും രഹസ്യകേന്ദ്രത്തിൽ ഭേദ്യം ചെയ്യാനും അനുവാദമുള്ള സ്ക്വാഡുകൾ ക്വട്ടേഷൻ സംഘങ്ങളുമായി കൈകോർത്ത് ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുമെന്നതാണ് മുൻകാല അനുഭവം.

ഡി.ജി.പി പോലുമറിയാതെ, സായുധ ബറ്റാലിയനിലെ 22 ഇടിവീരന്മാരെ ചേർത്ത് എറണാകുളം റൂറൽ എസ്.പിയായിരുന്ന എ.വി.ജോർജ്ജ് രൂപീകരിച്ച 'റൂറൽ ടൈഗ‌ർഫോഴ്സ് ' എന്ന തല്ല് സംഘമായിരുന്നു സ്ക്വാഡുകളിൽ ഏറ്റവും കുപ്രസിദ്ധമായത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ സംഘാംഗങ്ങൾ പ്രതികളാണ്. തലവനായിരുന്ന എ.വി.ജോർജ്ജ് ക്ലീൻചിറ്റോടെ ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നേടി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി. ജോർജ്ജിനെതിരായ വകുപ്പുതല അന്വേഷണവും നടപടികളും ഉപേക്ഷിക്കുകയും ചെയ്തു. എ.ഡി.ജി.പിമാർ മുതൽ സി.ഐമാർക്കുവരെ നേരത്തേ സ്ക്വാഡുകളുണ്ടായിരുന്നു. എ.ആർ ക്യാമ്പുകളിലെ പൊലീസുകാരാണ് സ്‌ക്വാഡുകളിലുണ്ടാവുക. കേസൊതുക്കാനും പണപ്പിരിവിനുമെല്ലാം സ്ക്വാഡുകളെ ഉപയോഗിച്ചിരുന്നെന്ന ആക്ഷേപവുമുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്താൽ ഗുഡ് സർവീസ് എൻട്രിയാണ് പ്രതിഫലം. വരാപ്പുഴകേസിലെ പ്രതികളായ ടൈഗർഫോഴ്സിലെ സന്തോഷിന് 70ഉം ജിതിന് 40ഉം സുമേഷിന് 45ഉം ഗുഡ്‌സർവീസ് എൻട്രികൾ ലഭിച്ചിരുന്നു.

വീണ്ടും രൂപീകരിക്കാൻ അത്യുത്സാഹം

2005

ഫോർട്ട് ഉരുട്ടിക്കൊലയെത്തുടർന്ന് എല്ലാ ക്രൈം സ്‌ക്വാഡുകളും പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടു

2007

ഷാഡോ സ്‌ക്വാഡ്, സ്‌പെഷ്യൽ സ്‌ക്വാഡ്, സ്‌ട്രൈക്കർസംഘം, ഗുണ്ടാ സ്‌ക്വാഡ്, ലഹരിവിരുദ്ധസ്‌ക്വാഡ് എന്നിവ തുടർന്നു

2010

സ്‌പെഷ്യൽ സ്‌ക്വാഡുകൾ ആവശ്യമില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് ഉത്തരവിട്ടു

2018

വരാപ്പുഴ കസ്​റ്റഡി കൊലക്കേസോടെ എല്ലാ സ്‌ക്വാഡുകളും പിരിച്ചുവിട്ടു

ക്രൂരതയുടെ ചരിത്രം, ഉദയകുമാർ മുതൽ ശ്രീജിത്ത് വരെ

# തിരുവനന്തപുരം സി​റ്റി ക്രൈം സ്‌ക്വാഡ്: മോഷണക്കു​റ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്ന് പിടികൂടിയ ഉദയകുമാറിനെ ഫോർട്ട് സ്​റ്റേഷനിൽ ഉരുട്ടിക്കൊന്നു

#കാസർകോട് സ്‌ക്വാഡ്: ജുവല്ലറികൾ കൊള്ളയടിക്കാനും സ്വർണ്ണവ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും സ്വർണ്ണവും തട്ടാനും കൊള്ളസംഘങ്ങളുമായി ഒത്തുകളിച്ചു

# കോഴിക്കോട് സി​റ്റി ക്രൈം സ്‌ക്വാഡ്: ഉന്നതരുടെ ഒത്താശയോടെ ഭൂവുടമകളെ ഭീഷണിപ്പെടുത്തി 17റിയൽ എസ്​റ്റേ​റ്റ് ഇടപാടുകൾ നടത്തി

# റൂറൽ ടൈഗർഫോഴ്സ്: പ്രതിയെ പിടിക്കാനെന്ന പേരിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രികാല റെയ്ഡ് ഹോബി. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിക്കൊലയിൽ ഇവർ പ്രതികളായി.

# തിരുവനന്തപുരം സി​റ്റി ഷാഡോ സംഘം: നഗരത്തിലെ പ്രമുഖഹോട്ടലിൽ ഡി.ജെ പാർട്ടി നടക്കുന്നതിനിടെ പിരിവിന് ശ്രമിച്ച് കുടുങ്ങി

കേസുകൾക്ക് സ്ക്വാഡുകളാവാം

കേസുകളുടെ അന്വേഷണത്തിന് സ്പെഷ്യൽ സ്ക്വാഡുകളുണ്ടാക്കിയാൽ അപകടമില്ല. അന്വേഷണത്തിനുശേഷം അവ പിരിച്ചുവിടണം. ക്രൈംസ്ക്വാഡുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മേലുദ്യോഗസ്ഥർ അറിയണമെന്നില്ല. സ്ക്വാഡംഗങ്ങളെ ഇടയ്ക്കിടെ മാറ്റണം. മേലുദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണമുണ്ടെങ്കിലേ സ്ക്വാഡുകളുടെ ലക്ഷ്യം നേടാനാവൂ.