photo

നെടുമങ്ങാട്: കായിക, വിദ്യാഭ്യാസ വകുപ്പുകളുടെ വടംവലിയിൽ മൈലം ജി.വി രാജ കായിക വിദ്യാലയത്തിന് ചുവടുപിഴയ്ക്കുന്നു. നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്തിട്ടും വിദ്യാലയത്തിന്റെ ഭരണം കായികക്ഷേമ വകുപ്പിന് കൈമാറാൻ നടപടി ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കമുള്ള ജീവനക്കാരുടെ നിയന്ത്രണം ഇപ്പോഴും വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. 2016ൽ സ്കൂൾ കായിക വകുപ്പിന് കീഴിലാക്കിയതായി സർക്കാർ അറിയിപ്പ് ലഭിച്ചെങ്കിലും അദ്ധ്യയന, പരിശീലന പ്രവർത്തനങ്ങളിൽ കായികവകുപ്പും ജീവനക്കാരും കാഴ്ചക്കാർ മാത്രമാണ്.

ഇരുവിഭാഗം ജീവനക്കാർ തമ്മിലുള്ള ബലാബലത്തിൽ സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ പോലും അവതാളത്തിലാണ്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന ആഹാരത്തിലെ ഭക്ഷ്യവിഷബാധയിൽ തുടങ്ങി ജീവനക്കാരിയുടെ മൊബൈലിൽ പ്രിൻസിപ്പൽ അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം വരെ ഇതിനോടകം അരങ്ങേറി. തിളക്കമാർന്ന ഏടുകളിലൂടെ കായിക കേരളത്തിന് അഭിമാനമാകേണ്ട വിദ്യാലയത്തിന് കളങ്കമായി ഉയർന്നുകേൾക്കുന്നത് അശ്ളീല സന്ദേശത്തെ ചൊല്ലിയുള്ള ആരോപണ - പ്രത്യാരോപണങ്ങളാണ്.

നിറംകെട്ട് ഫുട്ബാൾ അക്കാഡമിയും ഖേലോ ഇന്ത്യയും

കായിക മന്ത്രാലയത്തിന്റെ പദ്ധതിയായ ഖേലോ ഇന്ത്യയുടെ കീഴിൽ സ്റ്റേറ്റ് സെന്റേഴ്‌സ് ഒഫ് എക്‌സലൻസ് ആയി മൈലം സ്കൂളിനെ തിരഞ്ഞെടുത്തത് അടുത്തിടെയാണ്. താരങ്ങൾ ലോക നിലവാരത്തിലേക്ക് ഉയരുന്നുണ്ടോ, ശരിയായ പരിശീലനം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനുള്ള ചുമതല സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയ്ക്കാണ്. വിദ്യാഭ്യാസ വകുപ്പിന്റെ അനാവശ്യ ഇടപെടൽ ഇവയെല്ലാം തകിടം മറിച്ചെന്നാണ് ആക്ഷേപം ഉയരുന്നത്. കായിക ഡയറക്ടറേറ്റിനു കീഴിൽ സ്കൂളിൽ സജ്ജീകരിക്കുന്ന ഫുട്ബാൾ അക്കാഡമിയും ചക്കളത്തിപ്പോരിൽ നിറംകെട്ട അവസ്ഥയിലാണ്.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കേണൽ ഗോതവർമ രാജയുടെ നാമധേയത്തിൽ 1975ൽ ശംഖുംമുഖത്ത് തുടങ്ങിയ കായിക വിദ്യാലയം 2006ലാണ് മൈലത്ത് സ്ഥാപിച്ചത്. ഫുട്ബാൾ, ഹോക്കി, ബാസ്ക്കറ്റ്ബാൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ടോ, വോളീബാൾ കളിക്കളങ്ങളും ഇൻഡോർ സ്റ്റേഡിയവും വിപുലമായ ലൈബ്രറിയും മൾട്ടിമീഡിയ റൂമും ഹോസ്റ്റൽ സൗകര്യവും എല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഷൈനി വിൽസൻ, അൽവിൻ ആന്റണി, അബ്ദുൾ റസാക്ക്, ചിത്ര കെ. സോമൻ, പി.ആർ. ശ്രീജേഷ്, ബീനാമോൾ വിവേക്, ബാലഗോപാൽ, ജോർജ് തോമസ്, തോമസ് ജോർജ് തുടങ്ങി പ്രശസ്തരായ പ്രതിഭകളെ കായിക ലോകത്തിന് സമ്മാനിച്ചതും ഈ വിദ്യാലയമാണ്.

പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ

മൈലം ജി.വി രാജ സ്പോർട്സ് സ്‌കൂൾ പൂർണമായും കായിക വകുപ്പ് ഏറ്റെടുക്കുക, അഞ്ച് വർഷത്തിലേറെയായി ഇവിടെ തുടരുന്ന അദ്ധ്യാപകരെ സ്ഥലംമാറ്റുക, പകരം കായികരംഗത്ത് അഭിരുചിയുള്ള അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌കൂൾ സംരക്ഷണ ആക്ഷൻ കൗൺസിൽ 20ന് രാവിലെ 10ന് സ്കൂൾ കാമ്പസിന് മുന്നിൽ ധർണ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ മൈലം സത്യാനന്ദനും കൺവീനർ എ. വേലായുധൻ നായരും അറിയിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽകുമാർ ധർണ ഉദ്‌ഘാടനം ചെയ്യും.