kanam

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം

നൽകണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു ഗവർണറോട് ശുപാർശ ചെയ്തത് ഉചിതമായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

അങ്ങനെ ശുപാർശ ചെയ്യാൻ മന്ത്രിക്ക് അധികാരമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും, അത് ചിലപ്പോൾ തന്റെ അറവിന്റെ കുറവായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ചോദ്യമുയർന്നപ്പോൾ, താൻ പറഞ്ഞതിലെല്ലാമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി.വി.സിയുടെ പുനർനിയമനം ഹൈക്കോടതി ശരി വച്ചതാണ്. യു.ജി.സി വ്യവസ്ഥകൾക്കനുസരിച്ചാണ് നിയമനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സ്ഥിതിക്ക് അതിലിനി വലിയ ചർച്ചയ്ക്ക് സാദ്ധ്യതയില്ല. പി.ജി ഡോക്ടർമാരുടെ സമരം ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും കാനം പറഞ്ഞു.

സി.പി.ഐ സംസ്ഥാന

സമ്മേളനം ഒക്ടോ.1 -4

സി.പി.ഐ സംസ്ഥാന സമ്മേളനം അടുത്ത ഒക്ടോബർ ഒന്ന് മുതൽ നാല് വരെ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി10 മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. മാർച്ചിൽ അവസാനിക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ ലോക്കൽ സമ്മേളനവും ജൂൺ, ജൂലായ് മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങളും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും നടക്കും. തിരുവനന്തപുരത്ത് ജില്ലാസമ്മേളനം ജൂലായ് അവസാനവാരമാകും.

സമ്മേളനം ആർഭാടരഹിതമായിരിക്കും. കൊവിഡ് മഹാമാരിയിൽ ജനങ്ങളുടെ ദുരിതം പരിഗണിച്ചാണിത്. ജില്ലാ സമ്മേളനം വരെ പ്രതിനിധി സമ്മേളനങ്ങളേ ഉണ്ടാവൂ. കേന്ദ്ര അവഗണനയ്ക്കെതിരെ ജനുവരി 14 മുതൽ 16വരെ നിയോജകമണ്ഡലാടിസ്ഥാനത്തിൽ വാഹനപ്രചരണ ജാഥയും,17ന് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും.