
തിരുവനന്തപുരം: പൂവാർ കാരക്കാട്ട് റിസോർട്ടിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുമായി എക്സൈസ് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് പൂവാറിലെ കാരയ്ക്കാട്ട് റിസോട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതികളായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ, കഴക്കൂട്ടം ചന്തവിള സ്വദേശി ആഷിർ എന്നിവരെയും ഹോട്ടൽ ജീവനക്കാരനായ രണ്ടുപേരെയുമാണ് തെളിവെടുപ്പിന് എത്തിച്ചത്. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ലഹരിപ്പാർട്ടി നടത്തിയ ക്വാട്ടേജുകളിൽ പ്രതികളെ അന്വേഷണം സംഘം എത്തിച്ചു. ക്വാട്ടേജിനുള്ളിൽ വച്ച് ഇവർ ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. വൈകിട്ട് 3ന് ആയിരുന്നു തെളിവെടുപ്പ്. ലഹരിയുടെ വില്പനയെയും ലഭ്യതയെയും കുറിച്ചുള്ള ചോദ്യംചെയ്യൽ തുടരുകയാണ്. ഇന്നും പ്രതികളെ ചോദ്യംചെയ്യും. 1000, 2000, 3000 രൂപയ്ക്കുള്ള ടിക്കറ്റാണ് ഇവിടെ വിറ്റിരുന്നതെന്നും സമ്മതിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന്റെ പുരോഗതിയുടെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാൻ കഴിയൂ എന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രധാന പ്രതികളായ അക്ഷയ് മോഹൻ, പീറ്റർ ഷാൻ എന്നിവരുമായി നിരന്തരം ചാറ്റ് ചെയ്തവരും എക്സൈസ് നിരീക്ഷണത്തിലാണ്. ഇവർ ഉൾപ്പെട്ട വാട്സ് ആപ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ ലഹരി കൈമാറ്റങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് എക്സൈസ് പരിശോധിക്കുന്നത്. കൂടാതെ റിസോർട്ട് ഉടമയെയും നടത്തിപ്പുകാരെയും വീണ്ടും ചോദ്യം ചെയ്തേക്കും.