നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ജനകീയാസൂത്രണ പദ്ധതി പ്രകാരം വാങ്ങിക്കൂട്ടിയ ഹോളോബ്രിക്സ് നിർമ്മാണ യന്ത്രസാമഗ്രികൾ പ്രയോജനപ്പെടുത്താതെ തുരുമ്പെടുത്ത് നശിക്കുന്നതായി പരാതി. ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിക്കൂട്ടിയ ഉപകരണങ്ങളാണ് നശിക്കുന്നത്. 2010 ഓഗസ്റ്റിൽ ഹോളോബ്രിക്സ് യൂണിറ്റ് ഉദ്ഘാടന മാമാങ്കവും അരങ്ങേറിയിരുന്നു.

എന്നാൽ, യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കാനോ, ഹോളോബ്രിക്സ് നിർമ്മാണം ആരംഭിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. വിലകൂടിയ പല ഉപകരണങ്ങളും മോഷണം പോയി. മാറിമാറി വന്ന ഭരണസമിതികൾ യൂണിറ്റ് പ്രവർത്തിക്കുന്നതിന് താത്പര്യം കാട്ടിയില്ലെന്ന് ആരോപണമുണ്ട്. തൊഴിൽ രഹിതരായ യുവതി - യുവാക്കളെ കണ്ടെത്തി യൂണിറ്റിന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്താൻ ചേല വാർഡ് ഗ്രാമശ്രീ പുരുഷ സ്വയംസഹായ സംഘവും വനിതാ സൊസൈറ്റിയും തയ്യാറായി മുന്നോട്ടു വന്നിട്ടും അനാസ്ഥ തുടരുകയാണ്. നിലവിലെ ഭരണസമിതിയെങ്കിലും ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നാണ് പുരുഷ, വനിതാ സംഘങ്ങളുടെ ആവശ്യം.