ganesh-kumar

തിരുവനന്തപുരം: ആർ. ബാലകൃഷ്ണപിള്ളയുടെ വേർപാടിനു ശേഷം കേരള കോൺഗ്രസ്-ബിയിൽ പുകഞ്ഞുതുടങ്ങിയ തർക്കം മുറുകുന്നു. പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി ഗണേശിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന ആക്ഷേപമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം. ബാലകൃഷ്ണപിള്ളയുടെ മൂത്ത മകൾ ഉഷ മോഹൻദാസിനെ ഗണേശിനെതിരെ ഇറക്കി ചെയർപേഴ്സൺ പദവിയിലേക്ക് അവരോധിക്കാനുള്ള പടയൊരുക്കമാണ് ഇവർ നടത്തുന്നത്. അടുത്തയാഴ്ച എറണാകുളത്ത് പാർട്ടി സംസ്ഥാനസമിതി യോഗം വിളിച്ചുചേർക്കാനാണിവർ ഒരുങ്ങുന്നത്.

പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഒസ്യത്ത് സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പൊതുരംഗത്തേക്ക് അവരെത്തുമെന്ന സൂചനകളുയർന്നിരുന്നു. അന്ന് ഗണേശിനെതിരെയാണ് അവർ രംഗത്തുവന്നത്. എന്നാൽ,​ പാർട്ടി അദ്ധ്യക്ഷപദവി ഏറ്റെടുക്കുന്നതിൽ ഉഷ മോഹൻദാസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഗണേശ് വിരുദ്ധർ അവർക്കുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തുകയാണ്. അവർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന പ്രതീക്ഷയിലാണ് കരുനീക്കങ്ങൾ.

പാർട്ടി സംസ്ഥാനസമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ പിള്ളയുടെ മരണശേഷം ചെയർമാനെ തിരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ,​ സാഹചര്യങ്ങൾ മാറിയശേഷം സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് ഗൗനിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിമതവിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചുചേർക്കാനൊരുങ്ങുന്നത്. ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങിയേക്കും.

പാർട്ടിയുടെ ഏക എം.എൽ.എ ഗണേശ് കുമാർ ആണെന്നിരിക്കെ, വിമതനീക്കങ്ങളോട് ഇടതുമുന്നണിയുടെ സമീപനം എന്താവും എന്നതും പ്രസക്തമാണ്.