cm3

തിരുവനന്തപുരം: കെ-റെയിൽ വികസനപദ്ധതി നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ വികസനവും നിക്ഷേപവും കൊണ്ടുവരാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ പ്രശംസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ, സംസ്ഥാനത്ത് സംരംഭങ്ങളുണ്ടാകുന്നതിന് എതിരുനിൽക്കുന്നവർക്ക് ദ്രോഹമനസ്സാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ആശംസയർപ്പിക്കുന്നതിനിടെയായിരുന്നു ശശി തരൂർ പ്രശംസ ചൊരിഞ്ഞത്.

ഐക്യരാഷ്ട്ര സഭയിൽ നിന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ ഒന്നരവർഷം നാട്ടിൽ സംരംഭകരെ എത്തിക്കാൻ ഒരുപാട് ശ്രമിച്ചു. അന്ന് അതിന് തടസ്സമായി നിന്നത് നാട്ടിൽ അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും സമരങ്ങളും ബന്തുകളുമൊക്കെയാണ്. കേരളത്തിന്റെ ഇൗ ദുരവസ്ഥ മൂലം അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും കർണാടകത്തിനുമാണ് നേട്ടമുണ്ടായത്. കേരളത്തിലെത്തേണ്ട സംരംഭകരാണ് വഴിമാറിപ്പോയത്.

നാട്ടിൽ എന്ത് വിലകൊടുത്തും നിക്ഷേപങ്ങളുണ്ടാക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ധീരമാണ്. നാടിനാവശ്യം അതാണ്. അന്താരാഷ്ട്ര പ്രമുഖനായ എം.എ. യൂസഫലിക്ക് കേരളത്തിൽ വ്യവസായം തുടങ്ങാൻ തടസ്സങ്ങളില്ലാത്തത് പോലെ ചെറിയ നിക്ഷേപകർക്കും അതിനാകണം. അതിനുള്ള സാഹചര്യം മുഖ്യമന്ത്രി ഒരുക്കണം. കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും അതുമായി സഹകരിക്കണം. നാട് വികസിക്കണമെങ്കിൽ തൊഴിലവസരമുണ്ടാകണം. മലയാളികൾ വിദേശങ്ങളിൽ പോയി തൊഴിലെടുക്കുകയല്ല വേണ്ടത് അവർക്ക് നാട്ടിൽ തൊഴിലെടുക്കാൻ അവസരമുണ്ടാകണം -തരൂർ പറഞ്ഞു