വിഴിഞ്ഞം: അടിയന്തര സാഹചര്യങ്ങളിൽ കടലിലെ രക്ഷാപ്രവർത്തനത്തിന് മതിയായ സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവർക്ക് ആശ്വാസമായി വിഴിഞ്ഞത്ത് പുത്തൻ പദ്ധതികൾ വരുന്നു. മൂന്നുമാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഒരുക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് കോസ്റ്റ് ഗാർഡ് അടക്കമുള്ള ഏജൻസികൾ നേരത്തെ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇത് അധികൃതർ പരിശോധിച്ചുവരികയാണ്.

ഇതിനായി സാങ്കേതിക വിദഗ്ദ്ധരുൾപ്പെട്ട കമ്മിറ്റി രൂപീകരിച്ച് അവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും വിഴിഞ്ഞത്ത് പദ്ധതി നടപ്പാക്കുന്നത്. വിഴിഞ്ഞം, മുതലപ്പൊഴി തുടങ്ങി സംസ്ഥാനത്ത് തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന തീരദേശങ്ങളിൽ സ്പീഡ് ബോട്ട് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. മത്സ്യത്തൊഴിലാളികൾ അളടക്കമുള്ളവർക്ക് രക്ഷാദൗത്യ പ്രവർത്തനങ്ങളിൽ പരിശീലനം നൽകും. ഉൾക്കടലിൽ അപകടമുണ്ടായാൽ വേഗത്തിൽ എത്തി രക്ഷാദൗത്യം നടത്തുന്നതിനും ആധുനിക സൗകര്യമുള്ള രക്ഷാബോട്ടുകൾ വാങ്ങും. ഒപ്പം കരയിലെ രക്ഷാപ്രവർത്തനത്തിനും അടിയന്തര സാഹചര്യം നേരിടുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കും. നിലവിൽ വിഴിഞ്ഞത്തുള്ള മറൈൻ ആംബുലൻസിന് വേഗം കുറവാണെന്ന പരിമിതിയുണ്ട്. ഇതിനും പരിഹാരം കണ്ടെത്തുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.

വിദഗ്ദ്ധസംഘം വിഴിഞ്ഞത്ത്

ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മറൈൻ ആംബുലൻസിന്റെ തകരാർ പരിഹരിക്കാൻ കൊച്ചിയിയിൽ നിന്നു വിദഗ്ദ്ധസംഘം വിഴിഞ്ഞത്ത് എത്തി. സാങ്കേതിക തകരാറിനെ തുടർന്ന് കുറച്ചുനാളായി ആംബുലൻസ് പട്രോളിംഗിന് ഉപയോഗിച്ചിരുന്നില്ല. പകരം മുതലപ്പൊഴിയിൽ നിന്നെത്തിച്ച വാടക ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.