
തിരുവനന്തപുരം: തലസ്ഥാനത്തിന് അലങ്കാരമായി ലുലുമാൾ തുറന്നു. രാഷ്ട്രീയനേതാക്കളും പൗരപ്രമുഖരും മത-സാംസ്ക്കാരിക പ്രമുഖരും സിനിമാതാരങ്ങളും വ്യവസായ പ്രമുഖരും നിറഞ്ഞപ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലുലുമാളിന്റെ മുഖ്യകവാടത്തിലെ റിബൺ മുറിച്ച് രാജ്യത്തെ ഏറ്റവും വലിയ മാൾ നാടിന് തുറന്നുകൊടുത്തു.
ഇതോടെ രണ്ടായിരംകോടി മുതൽമുടക്കി നിർമ്മിച്ച ഏറ്റവുംവലിയ വാണിജ്യവ്യാപാരവിനോദസമുച്ചയം, 20 ലക്ഷം ചതുരശ്രഅടി വലിപ്പമേറിയ മാൾ, പ്രവർത്തനം തുടങ്ങി. പന്ത്രണ്ട് തിയേറ്റർ. മുക്കാൽ ലക്ഷംചതുരശ്ര അടിയുള്ള ഗെയിം ഏരിയ, രണ്ടുലക്ഷം ചതുരശ്ര അടി വിസ്താരമേറിയ അന്താരാഷ്ട്ര ഹൈപ്പർമാർക്കറ്റ്, അയ്യായിരം കാറുകൾക്ക് പാർക്കിംഗിടം, 2500പേർക്കിരുന്ന് കഴിക്കാവുന്ന വിശാലമായ റെസ്റ്റോറന്റ് മേഖല തുടങ്ങിയ സൗകര്യങ്ങളോടെ തലസ്ഥാനം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ്-എന്റർടെയ്ൻമെന്റ് കേന്ദ്രമാണ് തെക്കൻ കേരളത്തിന് തുറന്ന് കിട്ടിയത്.
രാവിലെ 11.30നായിരുന്നു ഒൗപചാരികമായ ഉദ്ഘാടനച്ചടങ്ങ്. അതിന് വളരെ മുമ്പുതന്നെ ക്ഷണിക്കപ്പെട്ട വൻസദസ്സ് മാളിലെത്തി. എല്ലാവരെയും സ്വീകരിക്കാൻ ആതിഥേയനായി ലുലു ഗ്രൂപ്പ് അന്താരാഷ്ട്ര ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി എത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
യു.എ.ഇ.വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി,
ഇന്ത്യയിലെ യു.എ.ഇ.അംബാസഡർ ഡോ.അഹമ്മദ് അബ്ദുള്ള റഹ്മാൻ അൽബന്ന,
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി ജി.ആർ.അനിൽ,എം.പിമാരായ ശശിതരൂർ ജോസ് കെ.മാണി,മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിനിമാതാരം മമ്മൂട്ടി, മുകേഷ് എം.എൽ.എ, രമേശ് ചെന്നിത്തല എംഎൽ.എ, കടകംപളളി സുരേന്ദ്രൻ എം.എൽ.എ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദ,ജനറൽസെക്രട്ടറി ഋതംബരാനന്ദ, ഗുരുരത്നം ജ്ഞാനതപസ്വി,പാളയം ഇമാം, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ്പ് ഡോ.സൂസെപാക്യം, വ്യവസായപ്രമുഖരായ കെ.ടി.സി ഗ്രൂപ്പ് ചെയർമാൻ പി.വി.ചന്ദ്രൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സി.എം.ഡി. ആസാദ് മൂപ്പൻ, മലബാർ ഗോൾഡ് ചെയർമാൻ എം.പി.മുഹമ്മദ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കുകൊണ്ടു.
ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്തു. മാളിന്റെ നടുത്തളത്തിലെ ആയിരത്തിലേറെ പേർക്കിരിക്കാവുന്ന വിശാലമായ ലോഞ്ചിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. 1971ലെ ഇന്ത്യ പാക് യുദ്ധവിജയവും ധീരസൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെ തുടങ്ങിയ ചടങ്ങിൽ ലുലു ഗ്രൂപ്പ് അന്താരാഷ്ട്ര ചെയർമാൻ എം.എ.യൂസഫ് അലി അതിഥികളെ സ്വാഗതം ചെയ്തു.
തിരുവനന്തപുരത്തെ ലുലുമാൾ സ്വപ്ന പദ്ധതി, നാടിന്റെ വികസനം ലക്ഷ്യം എന്ന് പറഞ്ഞ് അതിഥികളിലേറെപ്പേരെയും പേരെടുത്ത് പറഞ്ഞായിരുന്നു സ്വാഗതം. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അദ്ധ്യക്ഷപ്രസംഗം. തുടർന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. യൂസഫലിയുമായുള്ള ആദ്യപരിചയം ഒാർത്തെടുത്ത മുഖ്യമന്ത്രി ചടങ്ങ് ഹൃദ്യമാക്കി. ലുലുഅന്താരാഷ്ട്ര ബ്രാൻഡാണെങ്കിൽ അതിലും വലിയ ബ്രാൻഡാണ് എം.എ.യൂസഫ് അലിയെന്ന് മമ്മൂട്ടി പറഞ്ഞു. തിരുവനന്തപുരത്തെ മാൾ നിക്ഷേപസൗഹൃദനാടെന്ന ലാൻഡ്മാർക്കായി മാറുമെന്ന് ശശിതരൂർ എം.പി.യും പറഞ്ഞു. 20ലക്ഷം ചതുരശ്ര അടിയുള്ള മാൾ രൂപകൽപന ചെയ്ത ലണ്ടൻ ആസ്ഥാനമായുള്ള ഡിസൈൻ ഇന്റർനാഷണലിന്റെ ഇറ്റാലിയൻ ആർക്കിടെക്റ്റ് ഡേവിഡ് പദോവയെ ചടങ്ങിൽ ആദരിച്ചു. ശോഭ ഗ്രൂപ്പാണ് നിർമ്മാണം നിർവ്വഹിച്ചത്. യൂസഫലിയുടേത് വിലമതിക്കാനാവാത്ത സേവനങ്ങളെന്ന്
കേന്ദ്രമന്ത്രി വി. മുരളീധരൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പരിസ്ഥിതി സൗഹൃദമായ നിർമ്മാണം ഉറപ്പുവരുത്തിയതിന് ഇന്ത്യൻഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ഗോൾഡ് സർട്ടിഫിക്കറ്റ് ചെയർമാൻ വി.സുരേഷ് ചടങ്ങിൽ ലുലു ഗ്രൂപ്പിന് കൈമാറി. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി ബഗ്ഗി കാറിൽ മാളിൽ സഞ്ചരിച്ചു. യു.എ.ഇ മന്ത്രിയാണ് ബഗ്ഗി ഒാടിച്ചത്.