1

വിഴിഞ്ഞം: ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ഒരു വർഷത്തിനകം എല്ലാ വീടുകളിലും ടാപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുമെന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ പറഞ്ഞു. 2022 മാർച്ചോടെ 3758 ഗാർഹിക ടാപ്പ് കണക്‌ഷൻ നൽകും. 2023 മാർച്ചിന് മുൻപ് എല്ലാ വീടുകളിലും ടാപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ പദ്ധതി നിർവഹണ ഏജൻസിയായ കേരള വാട്ടർ അതോറിട്ടി, നിർവഹണ സഹായ ഏജൻസിയായ ശാന്തിഗ്രാം എന്നിവയുടെ സഹകരണത്തോടെ നടന്നുവരുന്നു. ഈ പദ്ധതിയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പഞ്ചായത്ത്, വാർഡുതല ബോധന പ്രവർത്തനങ്ങൾക്കുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റ് റാണി വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, പ്രോജക്ട് അഡ്വൈസർ എം. ശശിധരൻ, വാട്ടർ അതോറിട്ടി ഓവർസിയർ ടി.ജി. പുഷ്പ ലീല, ജെ.ജെ.എം ശാന്തിഗ്രാം ടീം ലീഡർ പി. ഇഗ്നേഷ്യസ്, കമ്മ്യൂണിറ്റി ഫെസിലിറ്റേറർ അമൽ കെ. അശോക് എന്നിവർ സംസാരിച്ചു.