
തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാർ 16 ദിവസം നടത്തിയ സമരം അവസാനിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇന്ന് രാവിലെ മുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാഡ്വേറ്റ് അസോസിയേഷൻ (കെ.എം.പി.ജി.എ) ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജുമായി ബുധനാഴ്ച രാത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആറുദിവസത്തിന് ശേഷം പി.ജി ഡോക്ടർമാർ ഇന്നലെ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിതവിഭാഗത്തിലും ലേബർ റൂമിലും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. അപ്പോഴും പൂർണമായ ഉറപ്പ് ലഭിക്കാത്തതിനെ തുടർന്ന് ഒ.പി, വാർഡ് ബഹിഷ്‌കരണം തുടരുകയായിരുന്നു. എന്നാൽ ഇന്നലെ രാവിലെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. വൈകിട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്ര് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുക്കിയത്.
നിലവിൽ നിയമിച്ച ജൂനിയർ റസിഡന്റുമാർക്ക് പുറമേ ഈവർഷം കോഴ്സ് പൂർത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നത് വരെ തുടരാൻ നിർദ്ദേശം നൽകും. ഒന്നാംവർഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും, സ്റ്റൈപ്പന്റ് വർദ്ധനവിലും ഉടൻ അനുകൂല നടപടി ഉണ്ടാകുമെന്നും ഉറപ്പുനൽകിയെന്നും ഭാരവാഹികൾ വ്യക്തമാക്കി. ചർച്ചയുടെ മിനിട്സ് പകർപ്പ് ഇന്ന് അസോസിയേഷന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെയാണ് സമരം പൂർണമായി അവസാനിപ്പിക്കാൻ എല്ലാ മെഡിക്കൽ കോളേജിലെയും അസോസിയേഷൻ ഭാരവാഹികൾല തീരുമാനിച്ചത്.
പി.ജി ഡോക്ടർമാർക്ക് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതലെന്ന് അറിയാൻ സമിതിയെ നിയോഗിക്കുമെന്നും സംഘടനാ പ്രതിനിധികൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി ബുധനാഴ്ച നടന്ന ചർച്ചയിൽ അറിയിച്ചിരുന്നു.
പി.ജി ഡോക്ടറെ സെക്ര.ജീവനക്കാരൻ അപമാനിച്ചെന്ന് പരാതി
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ആരോഗ്യ വിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനെത്തിയ വനിതാ പി.ജി ഡോക്ടറെ അപമാനിച്ചതായി പരാതി. കാലിന് മേൽ കാൽ കയറ്റി ഇരുന്ന തന്നോട് ജീവനക്കാരൻ തട്ടിക്കയറുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാരോപിച്ച് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്രയാണ് കന്റോൺമെന്റ് വനിതാ പൊലീസിൽ പരാതി നൽകിയത്. ഇവർ സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി നടന്ന മന്ത്രിതല ചർച്ചയുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി സമയം വാങ്ങിയ ശേഷമാണ് അജിത്രയും മറ്റു രണ്ടു പേരും ഇന്നലെ ഉച്ചയ്ക്ക് 12.15ന് സെക്രട്ടേറിയറ്റിലെത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയെങ്കിലും, മാഡം തിരക്കിലാണെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് കാത്തിരിക്കാൻ നിർദേശിച്ചു. ഒരു മണിയോടെ അവിടെ എത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഐ.ഡി കാർഡ് ധരിച്ചിരുന്ന വ്യക്തി ,ഇവിടെ ഒരുപാട് വലിയ ആളുകൾ വരുന്നതാണെന്നും കാൽ താഴ്ത്തിയിട്ട് ഇരിക്കാനും പറഞ്ഞു. ശാരീരിക അവശതയുള്ളതിനാൽ തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് അജിത്ര മറുപടി നൽകി.കാലിന് മുകളിൽ കാല് കയറ്റി വച്ചിരുന്നാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോൾ ',എങ്കിൽ തുണിയുടുക്കാതെ നടന്നോ' എന്ന് ജീവനക്കാരൻ പറഞ്ഞതായാണ് പരാതി. തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ചോദിച്ചപ്പോൾ അവർ വ്യക്തമായ മറുപടി നൽകിയില്ല. ആളെക്കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും അജിത്ര വ്യക്തമാക്കി. അതേസമയം, ആശാ തോമസിനെ ഇന്നലെ പി.ജി ഡോക്ടർമാർക്ക് കാണാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും ഇന്നലെ കാണാൻ അനുമതി ലഭിച്ചെങ്കിലും വൈകിട്ട് അഞ്ചു വരെ കാത്തിരുന്നിട്ടും കാണാൻ കഴിഞ്ഞില്ലെന്നും ഡോക്ടർമാർ പറഞ്ഞു.