
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊലീസിൽ സൈബർ സെക്യൂരിറ്റി ഡിവിഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.പൊലീസ് സൈബർ ഡോം വിഭാഗം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ ഡ്രോൺ ഹാക്കത്തോൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും കൂടുന്നു. മയക്കുമരുന്നും ആയുധങ്ങളും കടത്താൻവരെ ഡ്രോൺ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡ്രോൺ സാങ്കേതികവിദ്യ മനസ്സിലാക്കാനും വികസിപ്പിക്കാനും ഫോറൻസിക് ലബോറട്ടറി സംവിധാനങ്ങൾ പൊലീസ് സജ്ജമാക്കിയത്. ഇതിന് ആവശ്യമായ സാങ്കേതികവിദ്യ വളർത്തിയെടുക്കാനാണ് ഹാക്കത്തോൺ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്റി പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം വിവിധതരം ഡ്രോണുകൾ ഉൾപ്പെടുത്തി വർണാഭമായ എയർഷോ നടത്തി.
വി. കെ. പ്രശാന്ത് എം. എൽ. എ അദ്ധ്യക്ഷനായി. പൊലീസ് മേധാവി അനിൽ കാന്ത്, മുതിർന്ന പൊലീസ് ഓഫീസർമാർ, ഡ്രോൺ സാങ്കേതികവിദഗ്ധർ എന്നിവർ പങ്കെടുത്തു.
ഇന്നു വൈകിട്ട് 4.30 ന് നടക്കുന്ന സമാപനച്ചടങ്ങിൽ മന്ത്റി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും.