online-registration

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തനസജ്ജമായെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, ഫാക്ടറി നിർമ്മിത ബോഡിയോടു കൂടിയുള്ള വാഹന രജിസ്‌ട്രേഷൻ, സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെർമിറ്റ് എന്നിവ നേരത്തെ ഓൺലൈനായിരുന്നു.

ഇനി മുതൽ ആധാർ നമ്പർ അടിസ്ഥാനമാക്കി ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഓഫീസിലെത്തി രേഖകൾ സമർപ്പിക്കാതെ തന്നെ സേവനങ്ങൾ ലഭ്യമാകുംനേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻ.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്സ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ ഡിസംബർ 24 മുതൽ ഓൺലൈനായി ലഭിക്കും. വാഹനങ്ങളുടെ പെർമിറ്റ് പുതുക്കുന്നതിന് മൊബൈൽ ഓതെന്റിക്കേഷൻ മാത്രം മതി എന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനം കൈമാറ്റം ചെയ്യുമ്പോൾ പഴയ ഉടമ ഒറിജിനൽ ആർ.സി. പുതിയ ഉടമക്ക് നൽകി രസീത് വാങ്ങി സൂക്ഷിക്കണം.