വെള്ളനാട്: വെള്ളനാട് ബ്ലോക്ക് അഗ്രികൾച്ചറൽ വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘത്തിൽ ഇതുവരെ യാതൊരുവിധ സാമ്പത്തിക ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് സംഘം പ്രസിഡന്റും വെള്ളനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറിയിച്ചു.
ബാങ്കിൽ അന്വേഷണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അത് സ്ഥാപനത്തെ സംബന്ധിച്ച് സ്വാഭാവികമാണ്. സംഘത്തിന്റെ കമ്പനിമുക്കിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറിനെ സംബന്ധിച്ചും പരാതികൾ ഒന്നും ഭരണസമിതിക്ക് ലഭിച്ചിട്ടില്ല. പരാതിക്കാരന്റെ വ്യക്തി താത്പര്യങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതി കൂട്ടുനിൽക്കാത്തതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയാണ് പരാതി നൽകിയതെന്നും സംഘം പ്രസിഡന്റ് പറഞ്ഞു. സഹകരണ നിയമം 66–ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ നീതി സ്റ്റോർ ജീവനക്കാരനെതിരെ നടപടി ഉണ്ടാകുമെന്നും പരിശോധനയെ സ്വാഗതം ചെയ്യുന്നതായും സംഘം പ്രസിഡന്റ് അറിയിച്ചു.