police

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഹൗസ് സർജ്ജൻ ജുമീന ഗഫൂറിനെ കൈയേറ്റം ചെയ്ത കേസിൽ മന്ത്രി സജിചെറിയാന്റെ പേഴ്സണൽ സെക്യൂരിറ്റി ഗാർഡായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗത്തിലെ സി.പി.ഒ അനീഷ് മോനെ സസ്പെൻഡ് ചെയ്തു. ശനിയാഴ്ച രാത്രി 11.45ന് പതിനാറാം വാർഡിലായിരുന്നു സംഭവം. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ (74) ഹൃദയാഘാതത്തെ തുട‌ർന്ന് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗിയുടെ നില എത്തിച്ചപ്പോൾത്തന്നെ ഗുരുതരമായിരുന്നു. അക്കാര്യം ഡോക്ട‌ർമാ‌ർ അറിയിച്ചിരുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവർ ഡോക്ടർമാരോടും നഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ അനീഷ് മോൻ വനിതാ ഹൗസ് സർജനെ മർദ്ദിക്കുകയും ഭീഷണി മുഴക്കുകയുമായിരുന്നു. ആശുപത്രി സൂപ്രണ്ട് ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പ്രതിയെ അറസ്​റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ല. പ്രതിയെ അറസ്​റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജന്മാർ സമരം തുടങ്ങുകയും ജുമീന ഗഫൂർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തപ്പോഴാണ് കേരള ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം കേസെടുത്തത്. പൊതുസമൂഹത്തിൽ പൊലീസിന്റെ വിലയിടിക്കുന്ന തരത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവും അനീഷിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് അമ്പലപ്പുഴ ഡിവൈ.എസ്.പി റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഐ.ജി ജി.സ്പർജ്ജൻ കുമാ‌ർ സസ്പെൻഷൻ ഉത്തരവിറക്കിയത്. അനീഷിനെതിരെ ആലപ്പുഴ എസ്.എസ്.ബി ഡെപ്യൂട്ടി സൂപ്രണ്ട് വകുപ്പുതല അന്വേഷണം നടത്തും.