
തിരുവനന്തപുരം: കേരള പൊലീസിന്റെ സൈബർ ഡോം വിഭാഗം സംഘടിപ്പിച്ച ഡ്രോൺ ഹാക്കത്തോണിയിൽ സ്‌റ്റുഡന്റ് കേഡറ്റുകളെ ആകർഷിച്ച് വിവിധയിനം ഡ്രോണുകൾ. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കുമായി സംഘടിപ്പിച്ച ഡ്രോൺ പരിശീലന പരിപാടി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സി ഡാക് നിർമ്മിച്ച അണ്ടർവാട്ടർ ഡ്രോൺ, വി.ഐ.പി, വി.വി.ഐ.പികളുടെ സുരക്ഷയ്‌ക്കായുള്ള ഗൺഷോട്ട് ഡിറ്റക്ട് സിസ്‌റ്റം എന്നിവയാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം. അണ്ടർവാട്ടർ ഡ്രോണിന്റെ സഹായത്തോടെ വെള്ളത്തിനടിയിൽ 300 മീറ്ററോളം നീളത്തിലും 100 മീറ്റർ ആഴത്തിലും പരിശോധന നടത്താനാകും. ഇവയ്‌ക്കൊപ്പം ഡാറ്റാ പ്രോസസിംഗിന് അടക്കം ഉപയോഗിക്കുന്ന സ്വിച്ച് പ്രൈം യു.എ.വി ടെറയിൻ ഡോമിനേറ്റർ എന്നിവയും പ്രദർശനത്തിനുണ്ട്.