1

പോത്തൻകോട്: പോത്തൻകോട് കല്ലൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊലപാതകം നടന്ന പോത്തൻകോട് കല്ലൂർ പാണൻവിളയിലെ വീട്ടിലും അക്രമികൾ വെട്ടിയെടുത്ത കാൽ വലിച്ചെറിഞ്ഞ കല്ലൂർ മൃഗാശുപത്രി ജഗ്ഷനിലും സംഭവശേഷം ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടത്തെ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്.

പത്ത് പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. എന്നാൽ കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ ഒട്ടകം ഉണ്ണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

കഴിഞ്ഞദിവസം പിടിയിലായ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതിയും കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനുമായ മുട്ടായി ശ്യാം എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. കൊലയ്ക്കുശേഷം ഒളിവിൽപ്പോയ ഇവർ ഒളിസങ്കേതം മാറുന്നതിനിടെ വെമ്പായം ചാത്തമ്പാട് നിന്നാണ് പിടിയിലായത്. ശാസ്തവട്ടം സ്വദേശികളായ മൊട്ട നിധീഷ്, നന്ദീഷ്, കണിയാപുരം സ്വദേശിയായ ഓട്ടോഡ്രൈവർ രഞ്ജിത്, വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ, വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിൻ, കന്യാകുളങ്ങര കുനൂർ സ്വദേശിയും നാഷണൽ ഖോ ഖോ താരവുമായ സൂരജ്, മംഗലപുരം സ്വദേശികളായ ജിഷ്ണു, നന്ദു എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായത്. കൊലപാതകത്തിന് നേതൃത്വം നൽകിയ സുധീഷ് ഉണ്ണിയും ഒട്ടകം രാജേഷും മുട്ടായി ശ്യാമും വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ്. പോത്തൻകോട് ഇൻസ്പെക്ടർ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.