
തിരുവനന്തപുരം: ബിരുദ പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനം നൽകിയെന്ന് പരാതി. ഫലം പ്രതീക്ഷിക്കുന്നവർക്ക് താത്കാലികമായി എം.എ കോഴ്സിൽ പ്രവേശനം നൽകിയിരുന്നു. പ്രവേശന നടപടി പൂർത്തിയാവുമ്പോൾ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഭൂരിഭാഗവും ബിരുദ പരീക്ഷയിൽ തോറ്റു. ഇവർ ജയിക്കാൻ ചട്ടപ്രകാരം അടുത്ത വർഷത്തെ സപ്ലിമെന്ററി പരീക്ഷയാണ് എഴുതേണ്ടത്. എന്നാൽ, സെപ്തംബറിൽ എം.എ ക്ലാസുകൾ ആരംഭിച്ചപ്പോൾ, ബിരുദം തോറ്റവരെ തുടരാൻ സർവകലാശാല അനുവദിച്ചു. പ്രത്യേക പുനഃപരീക്ഷ നടത്താനും തീരുമാനിച്ചു. ഈ പരീക്ഷയെഴുതുന്നവരെയെല്ലാം ജയിപ്പിക്കാനാണ് നീക്കം. കുട്ടികളില്ലാതെ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നതൊഴിവാക്കാനാണ് തോറ്റവരെ തുടരാൻ അനുവദിക്കുന്നതെന്നാണ് ആക്ഷേപം. പ്രത്യേക പുനഃപരീക്ഷ നടത്തുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, പുനഃപരീക്ഷ റദ്ദാക്കണമെന്നും തുടർപഠനം അനുവദിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി സംസ്കൃത സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.