1

പൂവാർ: പൂവാർ ജംഗ്‌ഷനിലെ ചെറിയപാലം അപകടാവസ്ഥയിലായതോടെ യാത്രക്കാർ ഭീതിയിൽ. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ ഭിത്തികൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തെ ഭിത്തി പാലത്തിൽ നിന്ന് അരയടിയോളം അകന്നു. നദിയുടെ വശങ്ങളിൽ അടുക്കിയ കരിങ്കൽഭിത്തിയും പൊളിഞ്ഞുതുടങ്ങി. തൂണുകളില്ലാതെയാണ് ആറിന് കുറുകെ പാലം നിർമ്മിച്ചിട്ടുള്ളത്.

പാലത്തിന്റെ ഇരുവശങ്ങളിലും അടിഭാഗത്തും സിമന്റ് പാളികൾ അടർന്നുവീണു തുടങ്ങി. ഇവിടങ്ങളിലെ കമ്പികൾ പുറത്തായ നിലയിലാണ്. അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് കുലുക്കമുള്ളതായും നാട്ടുകാർ പറയുന്നു. പാലത്തിന് ഇരുവശവും കാടുമൂടിയതും വാഹനയാത്രികരെ വലയ്ക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ അമിതഭാരം കയറ്റിയ ലോറികളുടെ സഞ്ചാരമാണ് 50 വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ തകർച്ചയ്ക്ക് കാരണം. പടിഞ്ഞാറ് ഭാഗത്തെ റോഡിലെ ടാറിംഗും ഇളകി വൻകുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രികരും ദുരിതത്തിലാണ്. പാലത്തിന്റെ നവീകരണം അടിയന്തരമായി പൂർത്തിയാക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 അൻപത് വർഷത്തെ പഴക്കം

1971 ലാണ് പൂവാർ ചെറിയപാലം നിർമ്മിച്ചത്. 50 വർഷം പഴക്കമുള്ള പാലം തീരദേശത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നതാണ്. പൂവാർ -കളിയിക്കാവിള റോഡിൽ ചകിരിയാറിന് കുറുകെയാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പൂവാറിനെ തമിഴ്നാടുമായും തലസ്ഥാനവുമായും വിഴിഞ്ഞം ഹാർബറുമായും ബന്ധിപ്പിക്കുന്ന അതിപ്രധാന റോഡും ഇതുതന്നെയാണ്.

സമരത്തിനൊരുങ്ങി ജനങ്ങൾ

തിരക്കേറിയ പാലത്തിലൂടെ അമിതഭാരം കയറ്റിയ നൂറുകണക്കിന് ലോറികളാണ് ദിവസവും കടന്നുപോകുന്നത്. ഇവയാണ് പാലത്തിന്റെ ബലക്ഷയത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പലതവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇനിയും പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.