ncp

തിരുവനന്തപുരം: പാർട്ടിക്ക് അനുവദിച്ചുകിട്ടിയ പി.എസ്.സി അംഗത്വത്തിൽ തീരുമാനമെടുക്കാതെ എൻ.സി.പി നേതൃത്വം. സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോയും മന്ത്രി എ.കെ. ശശീന്ദ്രനും നിലപാടുകളിലുറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം അനിശ്ചിതമായി നീളുന്നത്.

അതേസമയം, ഇന്നലെ മന്ത്രി ശശീന്ദ്രന്റെ വസതിയിൽ ചേർന്ന എൻ.സി.പി സംസ്ഥാന കോർ കമ്മിറ്റി യോഗം പാർട്ടിക്ക് അനുവദിച്ചുകിട്ടിയ കോർപ്പറേഷനുകളിലേക്കുള്ള നോമിനികളെ നിശ്ചയിച്ചു.വനം വികസന കോർപ്പറേഷൻ അദ്ധ്യക്ഷയായി ലതിക സുഭാഷിനെയും കെല്ലിന്റെ അദ്ധ്യക്ഷനായി എൻ.എ. മുഹമ്മദ് കുട്ടിയെയുമാണ് നിശ്ചയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിൽ കലാപമുയർത്തി ഏറ്റുമാനൂരിൽ വിമതയായി മത്സരിച്ച ലതിക സുഭാഷ് പിന്നീട് എൻ.സി.പിയിൽ ചേരുകയായിരുന്നു. കോട്ടയ്ക്കലിൽ എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മുഹമ്മദ് കുട്ടി.