
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൈലാടി കാമരാജർ സ്വദേശി മധുരവീരനെയാണ് കുളച്ചൽ ഡി.എസ്.പി തങ്കരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ശുചീന്ദ്രം നല്ലൂർ മറുകാൽതല കോളനി സ്വദേശി ചെല്ലയ്യയാണ് (22) കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നത് ഇങ്ങനെ: മധുരവീരന്റെ ഓലമേഞ്ഞ വീട് കൊല്ലപ്പെട്ട ചെല്ലയ്യ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം.
കഴിഞ്ഞ എട്ടിന് രാത്രി കുളച്ചൽ തുറമുഖത്തിൽ ഉറങ്ങിക്കിടന്നിരുന്ന ചെല്ലയ്യയെ അഞ്ച് പേരടങ്ങുന്ന സംഘം ടെമ്പോയിൽ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് താമരക്കുളം ഉപ്പളത്ത് ഉപേക്ഷിച്ച മൃതദേഹം കഴിഞ്ഞദിവസം പൊലീസ് കണ്ടെടുത്തു. കേസിൽ നാലുപേർകൂടി അറസ്റ്റിലാകാനുണ്ട്. ചെല്ലയ്യയുടെ മൃതദേഹം ആശാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കോടതിയിൽ ഹാജരാക്കിയ മധുരവീരനെ റിമാൻഡ് ചെയ്തു.