
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും കുടുംബാംഗങ്ങളെയും പെൻഷൻകാരെയും ഇവരുടെ ആശ്രിതരെയും ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് (മെഡിസെപ്) പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിഷ്ക്കരിക്കാനും ഇതുവരെ ചേർത്തവരുടെ പട്ടിക പരിശോധിച്ച് ഉറപ്പാക്കാനും രണ്ടാംഘട്ട വിവരശേഖരണത്തിന് ഡിസം. 31വരെ സമയം അനുവദിച്ചുകൊണ്ട് ധനവകുപ്പ് നിർദ്ദേശം പുറത്തിറക്കി. ഇതനുസരിച്ച് പെൻഷൻകാർ അതത് ട്രഷറിയിലെ ഡി.ഡി.ഓഫീസർ മുഖാന്തിരമാണ് വിവരശേഖരണം പൂർത്തിയാക്കേണ്ടത്. ഇതിനായി ഇനിയൊരു അവസരം ലഭിക്കില്ലെന്നും നിർദ്ദേശത്തിലുണ്ട്. ജീവനക്കാർക്കും ഈ അവസരം വിനിയോഗിച്ച് വിവരശേഖരണം നടത്താം. ഒന്നാംഘട്ട വിവരശേഖരണം നവം. 22 ന് തുടങ്ങി ഡിസം. 15 ന് അവസാനിച്ചിരുന്നു. ഇതിൽ പെൻഷൻകാർക്ക് ആശ്രിതരെ ചേർക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് പരിഹരിക്കാനും ആശ്രിതരെ കൂടി ഉൾപ്പെടുത്താനുമാണ് സമയം നീട്ടി നൽകിയത്. മൂന്ന് വർഷത്തെ പ്രീമിയം ഒരുമിച്ച് അടച്ചുകൊണ്ട് എൻ.പി.എസ് പെൻഷൻ സ്കീമിലുള്ളവർക്കും പദ്ധതിയിൽ ഇപ്പോൾ അംഗമാകാം.
കുടുംബ പെൻഷൻകാർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർടൈം അദ്ധ്യാപകർ, എയ്ഡഡ് മേഖലയിലേതുൾപ്പെടെ അദ്ധ്യാപക–അനദ്ധ്യാപക ജീവനക്കാർ എന്നിവരും ആശ്രിതരും പദ്ധതി അംഗങ്ങളാകും. അംഗത്തിന്റെ ഭാര്യ/ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ ഉൾപ്പെടെയാണ് ആശ്രിതർ. നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ്, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ/ കുടുംബ പെൻഷൻകാർ എന്നിവരും പദ്ധതിയുടെ ഭാഗമാണ്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും ഇഷ്ടപ്രകാരം അംഗത്വമുറപ്പാക്കാം.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴി ജനുവരി ഒന്നുമുതൽ നടപ്പാക്കാനാണ് ആലോചന.
ആറായിരം രൂപ വാർഷിക പ്രീമിയത്തിൽ കുടുംബത്തിനാകെ മൂന്നുവർഷത്തേക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഓരോ വർഷത്തേക്കും നിശ്ചയിച്ചതിൽ ഒന്നരലക്ഷം രൂപവരെ ചെലവായില്ലെങ്കിൽ നഷ്ടപ്പെടും. ബാക്കി ഒന്നരലക്ഷം രൂപ പദ്ധതി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിവർഷ തുകയ്‌ക്കൊപ്പം ഉപയോഗിക്കാം.