
വെഞ്ഞാറമൂട് : മൂന്ന് ദിവസമായി തങ്ങൾക്കൊപ്പമില്ലാതിരുന്ന അമ്മ ജോലി സ്ഥലത്തു നിന്ന് തിരിച്ചെത്തിയപ്പോൾ മൂന്ന് വയസുകാരൻ അഭിനവും സഹോദരങ്ങളായ ജ്യോതിയും ജ്യോതികയും ആഹ്ളാദത്തിലായിരുന്നു. പതിവിൽ നിന്ന് വിപരീതമായി ബിരിയാണിയും ജ്യൂസും ഉൾപ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൂടി കണ്ടതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു. എന്നാൽ അവർ അറിഞ്ഞില്ല, അതെല്ലാം കൊടും വിഷം കലർത്തി തങ്ങൾക്ക് തരാനാണ് അമ്മ കൊണ്ടുവന്നതെന്ന്. പുല്ലമ്പാറ കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ബിജുവിന്റെ ഭാര്യ ശ്രീജകുമാരിയാണ് (26) മക്കൾക്ക് വിഷം നൽകി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. ചികിത്സയിലിരിക്കെ മൂത്തകുട്ടിയും മരണത്തിന് കീഴടങ്ങി.
സംഭവദിവസം ശ്രീജയുടെ അച്ഛൻ നന്ദൻ ഉച്ചവരെ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്കാണ് ശ്രീജ എത്തിയത്. തുടർന്ന് കുട്ടികൾക്കായി കൊണ്ടുവന്ന ആഹാരം അവരോടൊപ്പം കഴിച്ചു. ആഹാരത്തിൽ എന്തോ അമ്മ ചേർത്തതായി മൂത്ത കുട്ടി ജ്യോതിക ആശുപത്രിയിൽ പോകുന്നതിനിടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ആദ്യം മൂത്ത കുട്ടിക്ക് നൽകി ആ കുട്ടിയെ നിർബന്ധിച്ച് ട്യൂഷന് അയയ്ക്കുകയും ചെയ്തു. മൂത്ത കുട്ടിയായ ജ്യോതിക തേമ്പാംമൂട് യു.പി.എസിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിയും ഇളയ കുട്ടി ജ്യോതി ഇതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഇന്നലെ രണ്ട് പേരും സ്കൂളിൽ പോയിരുന്നില്ല.
നിർദ്ധന കുടുംബമാണ് ശ്രീജയുടേത്. സാമ്പത്തിക പ്രശ്നമാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഭർത്താവ് ബിജു പൂനെയിലാണ്. ലീല ശ്രീജയുടെ മാതാവാണ്.