ajeer

കല്ലമ്പലം: ഒൻപതാംക്ളാസ് വിദ്യാർത്ഥിനിക്ക് ഫോണിലൂടെ അശ്ലീല വീഡിയോകൾ അയച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകരവീട്ടിൽ അജീറാണ് (19) അറസ്റ്റിലായത്. കുട്ടിയുടെ ഫോൺനമ്പർ സംഘടിപ്പിച്ച പ്രതി ഇതിലേക്ക് നിരന്തരം സന്ദേശങ്ങൾ അയയ്ക്കുകയും പരിചയപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നീട് അശ്ലീല വീഡിയോകൾ അയച്ചുതുടങ്ങുകയും വീഡിയോ കാൾ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിക്ക് ഇയാൾ ആരാണെന്ന് അറിയില്ലായിരുന്നു.

കുട്ടിയുടെ ഫോൺ അദ്ധ്യാപകർ പരിശോധിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇവർ ഇക്കാര്യം പള്ളിക്കൽ പൊലീസിൽ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ മൊബൈലിൽ നിന്ന് നിരവധി അശ്ലീല വീഡിയോകൾ പിടിച്ചെടുത്തു. ഇത്തരം വീഡിയോകൾ അയച്ചുനൽകി,​ കുട്ടിയെ വശീകരിച്ച ശേഷം പീഡിപ്പിക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു. പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സഹിൽ, എസ്.സി.പി.ഒ മനോജ്‌, സി.പി.ഒമാരായ രാജീവ്, ഷമീർ, അജീസ്, അനുമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു.