
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രോഗികളെ ഇറക്കിയശേഷം മടങ്ങുന്ന ഓട്ടോറിക്ഷകൾക്ക് ആശുപത്രി കവാടത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് വിലക്കെന്ന് പരാതി. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഓട്ടംവരുന്ന വാഹനങ്ങൾ റിട്ടേൺ സർവീസിന് ആളെക്കയറ്റുന്നതാണ് പുറത്തുള്ള സ്റ്റാൻഡിലെ ഡ്രൈവർമാർ തടയുന്നത്. റിട്ടേൺ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ ആശുപത്രിയിൽ നിന്ന് ആറ്രിങ്ങലേക്ക് പോകാൻ പത്തുരൂപ നൽകിയാൽ മതിയാകും. എന്നാൽ സ്റ്രാൻഡിൽ നിന്ന് ഓട്ടംവിളിച്ചാൽ 50 രൂപ വരെ നൽകണം. ഇത് തങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതാണെന്നാണ് യാത്രക്കാർ പറയുന്നത്.
ഇതിനിടെ മറ്റ് വാഹനങ്ങൾ ആശുപത്രി കവാടത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നത് വിലക്കി പുറത്തെ സ്റ്രാൻഡിലുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർ ബോർഡും സ്ഥാപിച്ചു. ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കാൻ ഇവർക്ക് അധികാരമില്ലെന്നിരിക്കെ ഡ്രൈവർമാരുടെ നടപടി നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് ആശുപത്രിയിലേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ റിട്ടേൺ ചാർജ്ജുകൂടി കണക്കാക്കിയാണ് കൂലി വാങ്ങുന്നതെന്നും ഇവർ ആശുപത്രിയിൽ നിന്ന് തിരികെ മടങ്ങുന്നവരെ കയറ്റുന്നതിനാൽ തങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്നുമാണ് വലിയകുന്ന് സ്റ്റാൻഡിലെ ഡ്രൈവർമാർ പറയുന്നത്. പലപ്പോഴും റിട്ടേൺ സർവീസ് എന്ന പേരിൽ പുറത്തുള്ള ഡ്രൈവർമാർ മറ്റ് സ്ഥലങ്ങളിലേക്കുള്ള തങ്ങളുടെ ഓട്ടം കൈയടക്കുന്നതായും ഇവർ പറയുന്നു. വിഷയത്തിൽ അധികൃതർ ഇടപെട്ട് പരിഹാരമൊരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.