jo

വെഞ്ഞാറമൂട്: പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന് തങ്ങളോടൊപ്പം കളിച്ചുനടന്ന ചേച്ചി ഇനിയില്ലെന്ന സത്യം അഭിനവും ജ്യോതിയും അറിഞ്ഞിട്ടില്ല. ഭക്ഷണത്തോടൊപ്പം അമ്മ പകർന്നുനൽകിയ വിഷംകഴിച്ച് ചേച്ചിയും യാത്രയായതറിയാതെ ഈ കുരുന്നുകൾ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് പുല്ലമ്പാറ കുന്നുമുകൾ തടത്തരിത്തുവീട്ടിൽ ശ്രീജകുമാരി (26) മൂന്ന് മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. അമ്മയ്ക്ക് പിന്നാലെ മൂത്തമകളും വെഞ്ഞാറമൂട് കെ.വി.എം യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയുമായ ജ്യോതികയും മരിച്ചതോടെ യു.കെ.ജി വിദ്യാർത്ഥിയായ ജ്യോതിയും മൂന്നുവയസുകാരൻ അഭിനവും തനിച്ചായി. ഇവർ ഇപ്പോഴും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യുവിലാണ്.

ടെക്സ്റ്റയിൽസ് ജോലിക്കാരിയായ ശ്രീജയും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവും ജോലിക്ക് പോയിക്കഴിഞ്ഞാൽ ജ്യോതികയാണ് സഹോദരങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. പഠനത്തോടൊപ്പം കലാ-കായിക മത്സരങ്ങളിലും മികവുപുലർത്തിയിരുന്ന ജ്യോതിക നാട്ടിലും വിദ്യാലയത്തിലും ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു. ജീവിതസാഹചര്യങ്ങൾ കാരണം പ്രായത്തിൽക്കവിഞ്ഞ പക്വതയായിരുന്നു ജ്യോതികയ്ക്കെന്ന് അടുത്തറിയുന്നവർ പറയുന്നു.

അമ്മ നൽകിയത് വിഷമാണെന്നറിയാതെ അത് കഴിച്ചശേഷം ജ്യോതിക സമീപത്തെ വീട്ടിൽ ട്യൂഷനായി പോയിരുന്നു. ഈ സമയമാണ് അവശയായ ശ്രീജയെ ജോലി കഴിഞ്ഞെത്തിയ മാതാവ് ആശുപത്രിയിൽ കൊണ്ടുപോയത്. ട്യൂഷൻ ക്ളാസിലിരുന്ന് ജ്യോതിക ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ടീച്ചർ ഉച്ചയ്ക്ക് എന്ത് കഴിച്ചെന്ന് ചോദിച്ചപ്പോൾ ജ്യൂസെന്നായിരുന്നു മറുപടി. ക്ളാസ് കഴിഞ്ഞ് വീട്ടിലെത്തിയതോടെയാണ് കുട്ടി രക്തം ഛർദ്ദിച്ചത്. ആശുപത്രിയിലെത്തിയതോടെ പതിവില്ലാതെ അമ്മ തങ്ങൾക്ക് ബിരിയാണിയും ജ്യൂസും വാങ്ങിയെത്തിയ കാര്യം കുട്ടി പറഞ്ഞു. ഇതോടെയാണ് സഹോദരങ്ങളെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ രാത്രിയോടെ അമ്മയ്ക്ക് പിന്നാലെ ജ്യോതികയും സഹോദരങ്ങളെ വിട്ടുപിരിഞ്ഞു.

പതിവുപോലെ സന്തോഷവതിയായി ട്യൂഷനെത്തിയ പ്രിയ വിദ്യാർത്ഥിനി ഇനിയില്ലെന്ന സത്യം അദ്ധ്യാപിക ശ്രീജയ്ക്കും ഉൾക്കൊള്ളാനാകുന്നില്ല.

ഛർദ്ദിച്ച് അവശയായ ജ്യോതികയെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ തുനിഞ്ഞപ്പോൾ ഒറ്റയ്ക്ക് പോകാമെന്നു പറഞ്ഞ് ടാറ്റാ നൽകി പോയത് ഓർക്കുമ്പോൾ ശ്രീജയ്ക്ക് വിതുമ്പലടക്കാനാകുന്നില്ല. പൂനെയിലുള്ള ഭർത്താവ് ബിജു നാട്ടിൽ എത്തിയാൽ ഉടൻ ശ്രീജകുമാരിയുടെയും ജ്യോതികയുടെയും സംസ്കാരം നടക്കും.