തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും മറികടക്കാൻ സ്‌പോഞ്ച് സിറ്റി പദ്ധതി കൊണ്ടുവരണമെന്ന് നഗര ദുരന്ത നിവാരണ അതോറിട്ടി വിഭാഗത്തിന്റെ പഠനം. പുറത്ത് കെട്ടിനിൽക്കുന്ന ജലം അകത്തേക്ക് വലിച്ചെടുക്കുന്നതാണ് സ്പോഞ്ച് സിറ്റി പദ്ധതി. നഗരസഭയിലെ 2040 വരെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മാസ്റ്റർപ്ളാൻ സംബന്ധിച്ച് നടന്ന ചർച്ചയിലും അവതരണത്തിലുമാണ് പഠന നിർദ്ദേശം നൽകിയത്. മഴയത്ത് നഗരപരിധിയിൽ കെട്ടിനിൽക്കുന്ന ജലം ശരിയായ സ്ഥലത്തേക്ക് ഒഴുകിയെത്തുന്ന പദ്ധതിയാണിത്. വിവിധ ഘട്ടങ്ങളിലൂടെയാണ് പദ്ധതി സജ്ജമാക്കുക.

ആദ്യഘട്ടമെന്നനിലയിൽ ഓടകളുടെ നവീകരണമാണ് നടപ്പാക്കേണ്ടത്. വെള്ളത്തിന് കൃത്യമായി ഒഴുകിപ്പോകാനുള്ള വീതി ഓടകളിൽ വേണം. ഒഴുക്ക് തടസപ്പെടരുത്, കൃത്യമായ സ്ഥലത്തുള്ള ഓടകളുടെ നിർമ്മാണം എന്നിവയാണ് പഠനത്തിൽ പരാമർശിക്കുന്നത്. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള കൈവഴികൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് പുനക്രമീകരിക്കുകയോ​ അതിന് കഴിഞ്ഞില്ലെങ്കിൽ പുതിയ കൈവഴികൾ ക്രമീകരിക്കുകയോ ചെയ്യണം.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ,​ അതായത് വെള്ളം താഴാവുന്ന പ്രദേശങ്ങളിൽ നിർമ്മാണം ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി നിലനിറുത്തണം, തോടുകളുടെയും പുഴകളുടെയും നവീകരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. മാലിന്യങ്ങൾ ജലസ്രോതസുകളിലും പൊതുയിടങ്ങളിലും നിക്ഷേപിക്കുന്നത് ഒഴിവാക്കി മാലിന്യ നിർമ്മാർജനത്തിന് മികച്ച വഴി കണ്ടെത്തണം തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ടായി.

പദ്ധതി വിഭാനംചെയ്‌താൽ നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് മുക്തമാക്കാമെന്ന് അധികൃതരും അംഗങ്ങളും അഭിപ്രായപ്പെട്ടു. പദ്ധതിയെപ്പറ്റി കൂടുതൽ പഠിച്ച് വിശദമായ റിപ്പോർട്ട് വരും ദിവസങ്ങളിൽ സമ‌ർപ്പിക്കും.