തിരുവനന്തപുരം: കോൺഗ്രസ് സർക്കാരുകൾ രാജ്യത്ത് നടപ്പാക്കിയ വികസന സ്തംഭങ്ങളെ തെരുവുകച്ചവടക്കാരന്റെ മനോഭാവത്തോടെ പ്രധാനമന്ത്രി വിറ്റഴിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ശാസ്ത്രവേദി സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം അനിവാര്യമാണ്. ശാസ്ത്രത്തിന്റെ നേട്ടം നാടിന് ഗുണകരമായി ലഭിക്കണം. രാജ്യത്ത് ഇന്നുകാണുന്ന വികസനത്തിന് അടിത്തറപാകിയ പ്രസ്ഥാനം കോൺഗ്രസാണ്. അഞ്ചു വർഷം ഭരിക്കാൻ വന്നവർക്ക് 75 വർഷം കൊണ്ട് നാം ഉണ്ടാക്കിയ വികസനങ്ങളെ വിറ്റുതുലയ്ക്കാൻ എന്ത് ധാർമിക അവകാശമാണുള്ളതെന്നും സുധാകരൻ ചോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, ട്രഷറർ വി. പ്രതാപചന്ദ്രൻ, ബി.സി. ഉണ്ണിത്താൻ, ഡോ.എസ്. പ്രേംജിത്ത്, ഡോ.വി.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.