 ഇത്തവണ തട്ടിച്ചത് ടാർ കട്ടിംഗ് ചാർജ്ജ് ഇനത്തിൽ  കണ്ടെത്തിയത് നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിൽ

തിരുവനന്തപുരം: നഗരസഭയിലെ നാല് സോണൽ ഓഫീസിലെ നികുതി തട്ടിപ്പിന് പിന്നാലെ വീണ്ടും പണം തിരിമറി. കഴക്കൂട്ടം സോണൽ ഓഫിസിലാണ് ക്രമക്കേട് നടന്നത്. കുടിവെള്ളം, സീവേജ് കണക്ഷനായി ടാർ കട്ടിംഗ്ചാർജ് ഇനത്തിൽ ഈടാക്കുന്ന പണമാണ് സോണൽ ഓഫീസിലെ കാഷ്യർ തട്ടിയെടുത്തത്.

ആഭ്യന്തര അന്വേഷണത്തിൽ തിരിമറി കണ്ടെത്തിയതിനു പിന്നാലെ കാഷ്യറുടെ ചുമതല വഹിക്കുന്ന കെ. അനിസിൽകുമാറിനെ നഗരസഭ സസ്‌പെൻഡ് ചെയ്‌തു. റദ്ദാക്കിയ രസീതുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പേര്, ഇനിഷ്യൽ തുടങ്ങിയവ തെറ്റുന്ന സാഹചര്യങ്ങളിലാണ് രസീതുകൾ റദ്ദാക്കുന്നത്. ഈ രസീതിന്റെ നമ്പർ പണംഅടച്ച സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തി എൻജിനീയറിംഗ് വിഭാഗത്തിലേക്ക് അയക്കും. രസീത് നമ്പർ കൃതൃമായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ എൻജിനീയറിംഗ് വിഭാഗത്തിന് സംശയമുണ്ടാകില്ല. തട്ടിപ്പ് എളുപ്പം പിടികൂടാനും കഴിയില്ല. റദ്ദാക്കിയ നാല് രസീതുകൾ ഉപയോഗിച്ചാണ് അനിസിൽകുമാർ പണം തട്ടിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലുള്ളത്.

2019 – 2020 സാമ്പത്തിക വർഷത്തെ വരവു ചെലവു പരിശോധനയിലാണ് 28,171 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

നേരത്തെ വിവിധ നികുതിയിനങ്ങളിൽ ജനം അടച്ച 32.96 ലക്ഷം രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തത് അടുത്തിടെയാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.

വരവിനത്തിൽ സ്വീകരിക്കുന്ന പണം അടുത്ത ദിവസം സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യണമെന്നാണ് നിർദേശം. ഇതിനായി കൊടുത്തയക്കുന്ന പണം ബാങ്കിൽ നിക്ഷേപിക്കാതെ വ്യാജ കൗണ്ടർ ഫോയിലോ യഥാർഥ കൗണ്ടർ ഫോയിലിൽ വ്യാജ സീൽ പതിപ്പിച്ചോ തട്ടിയെന്നാണ് കണ്ടെത്തിയത്. മേൽനോട്ടപ്പിഴവിൽ ശ്രീകാര്യം, ആറ്റിപ്ര, നേമം സോണൽ ഓഫിസുകളിലെ ചാർജ് ഓഫിസർമാർ ഉൾപ്പെടെ ഏഴുപേരെ സസ്‌പെൻഡു ചെയ്‌തിരുന്നു.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. മറ്റ് സോണലുകളിൽ കൂടുതൽ

പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മേയർ ആര്യാ രാജേന്ദ്രൻ