pension

തിരുവനന്തപുരം: ജീവനക്കാരുടെ പെൻഷൻ പ്രായം സർക്കാർ കൂട്ടിയാലും ഇല്ലെങ്കിലും, ഇതിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട 30 ശതമാനം ജീവനക്കാരുടേയും പെൻഷൻ പ്രായം 60 ആയി കഴിഞ്ഞു. പത്തു വർഷത്തിനുള്ളിൽ അൻപത് ശതമാനം പേരുടെയും, ഇരുപത് വർഷത്തിനുള്ളിൽ മുഴുവൻ ജീവനക്കാരുടേയും പെൻഷൻ പ്രായം 60 ആകും.നിലവിൽ അഞ്ച് ലക്ഷത്തിൽപ്പരം സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമുണ്ട്

പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത് 2013 ഏപ്രിൽ ഒന്നു മുതലാണ്. അന്നു മുതൽ സർവ്വീസിൽ കയറുന്നവരുടെ സർവ്വീസ് ബുക്കിൽ വിരമിക്കൽ പ്രായം 60 ആണ്. അതിന് മുമ്പ് സർവ്വീസിൽ കയറിയവർക്ക്

56 വയസും. പങ്കാളിത്തപെൻഷൻ പദ്ധതി പ്രകാരം വിരമിക്കുന്നവർക്ക് ഇപ്പോൾ നാമമാത്രമായ തുകയാണ് പെൻഷനായി കിട്ടുന്നത്. ഇരുപത് വർഷത്തിലേറെ സർവ്വീസില്ലാത്തവർക്ക് ഇത് പ്രയോജനകരമല്ല. മുപ്പത് വർഷം സർവ്വീസ് കഴിഞ്ഞ് വിരമിക്കുന്നവർക്ക് കേന്ദ്രസർക്കാർ 20 ലക്ഷം രൂപ നൽകുന്നുണ്ട്. കേരളത്തിൽ പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന തുകയാണ് വിരമിക്കൽ ആനുകൂല്യം. അതേ സമയം സാറ്റ്യൂട്ടറി പെൻഷൻകാർക്ക് കുറഞ്ഞത് 17ലക്ഷം രൂപ കിട്ടുന്നുണ്ട്. കുറഞ്ഞ പെൻഷനായി 5000 രൂപയും .

പങ്കാളിത്ത പെൻഷൻ

ജീവനക്കാരുടെ ശമ്പളത്തിന്റെ പത്തുശതമാനവും അത്രയുംതുക സർക്കാരും ചേർത്തുണ്ടാക്കുന്ന ഫണ്ടിൽ നിന്ന് പെൻഷൻ നൽകും. ഇൗ നിക്ഷേപത്തിന്റെ വരുമാനത്തിന് ആനുപാതികമായാണ് പെൻഷൻ,.മിനിമം പെൻഷൻ ഇല്ല.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ
പെൻഷൻ പൂർണമായി സർക്കാർ നൽകും.വിരമിക്കുന്നതിന് തൊട്ടുമുമ്പ് വാങ്ങുന്ന ശമ്പളത്തിന്റെ പകുതി പെൻഷനായി കിട്ടുമെന്ന് ഉറപ്പാണ്.മിനിമം പെൻഷൻ 5000രൂപ.

"വിരമിക്കൽ പ്രായം കൂട്ടുന്നത് സർക്കാരിന്റെ പരിഗണനയിലില്ല,പങ്കാളിത്ത പെൻഷൻ തുടരുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും നിയമസാങ്കേതിക പ്രശ്നങ്ങളും പരിഗണിച്ച് തീരുമാനിക്കും."

-കെ.എൻ.ബാലഗോപാൽ,

ധനമന്ത്രി

സംസ്ഥാനത്തെ ജീവനക്കാർ

സർക്കാർ- 377065

എയ്ഡഡ്-138574

ആകെ - 515639

പെൻഷൻപ്രായം 60 - 148000

പെൻഷൻപ്രായം 56 - 367000

സാറ്റ്യൂട്ടറ്ററി പെൻഷൻ വാങ്ങുന്നവർ -438535

പങ്കാളിത്തപെൻഷൻ വാങ്ങുന്നവർ -1500