
കാട്ടാക്കട: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാട്ടാക്കട പട്ടകുളം പുന്നവിളാകത്ത് വീട്ടിൽ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു- 25) വ്യാഴാഴ്ച രാത്രിയാണ് കിടപ്പുമുറിയിൽ മരിച്ചത്.ഭർത്താവ് പുറത്തുപോയിരിക്കുകയായിരുന്നു. ഭർതൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് രാജലക്ഷ്മിയുടെ സഹോദരി രേഷ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഓട്ടോ ഡ്രൈവറായ വെള്ളറട കൂതാളി രേഷ്മ ഭവനിൽ രാജന്റെ മകളാണ്.
രേഷ്മ പൊലീസിനോട് പറഞ്ഞത്: വ്യാഴാഴ്ച രാത്രി പത്തര കഴിഞ്ഞ് ബിനുവിന്റെ സുഹൃത്തുക്കളാണ് വിവരം അറിയിച്ചത്. മരിച്ചെന്ന് പറയുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപും രാജലക്ഷ്മി ഫോണിൽ സന്തോഷത്തോടെ സംസാരിച്ചിരുന്നു.അലങ്കാര ജാേലികൾ ചെയ്യുന്ന ബിനുവുമായി രണ്ടര വർഷം മുമ്പായിരുന്നു വിവാഹം.തുടക്കം മുതൽ ഇവർ തമ്മിൽ വഴക്കു ഉണ്ടായിട്ടുണ്ടെന്നും ബിനു രാജലക്ഷ്മിയെ മർദിക്കാറുണ്ടെന്നും ശരീരത്തിൽ മുറിവിന്റെ പാടുകൾ ഉണ്ടെന്നും രേഷ്മ പറഞ്ഞു. കുട്ടികൾ വേണ്ട എന്ന നിലപാട് ബിനു സ്വീകരിച്ചത് രാജലക്ഷ്മിയെ തളർത്തിയിരുന്നു. ഇതേചൊല്ലിയും വഴക്ക് നടന്നിരുന്നു.പണത്തിന്റെ കാര്യം പറഞ്ഞുള്ള വഴക്കും പതിവായിരുന്നു.
രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തു.ബിനുവിനെ ചോദ്യം ചെയ്തിട്ടില്ല.
ബിനുവിന്റെ ബന്ധുക്കൾ പറയുന്നത്: സംഭവ ദിവസം രാജലക്ഷ്മിയും ബിനും തമ്മിൽ വഴക്കുണ്ടായി. രാജലക്ഷ്മി മുറിയിൽ കയറി കതകടച്ചു. പുറത്തുപോയ ബിനു കരോൾ കഴിഞ്ഞ് എത്തിയപ്പോൾ മുറി തുറന്നില്ല. തൂങ്ങിയ നിലയിലാണ് കണ്ടത്.കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തു മിനിറ്റിന് മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രാജലക്ഷ്മി ആത്മഹത്യാശ്രമം മുമ്പും നടത്തിയതായി ഇവർ പറയുന്നു.