1

വിഴിഞ്ഞം: കോവളം ബൈപാസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബൈക്ക് യാത്രികരും വിഴിഞ്ഞം സ്വദേശികളുമായ സജിൻ (23), അശ്വിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. കോവളം-പോറോഡ് പാലത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. കോവളത്തു നിന്ന് മുക്കോല ഭാഗത്തേക്ക് പോയ കാറും എതിർദിശയിൽ നിന്നു വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിന്റെ മുൻചക്രം വേർപെട്ടു മാറി. കാറിന്റെ മുൻ വശവും തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ ഒഴുകിയ ഓയിൽ വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തി കഴുകിനീക്കി.