darsan

കാട്ടാക്കട: സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബൈക്കപകടത്തിൽ മരിച്ച ആര്യനാട് കൊക്കോട്ടേല ദീപത്തിൽ ഡി.എം. ദർശന്റെ (19) വിയോഗത്തിൽ വിറങ്ങലിച്ച നാട്. ഡിസംബർ 27ന് വെള്ളനാട് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിൽ സഹോദരി ദീപ്തിമോഹന്റെ വിവാഹം നടക്കാനിരിക്കെയാണ് കാട്ടാക്കട പൊട്ടൻകാവിലുണ്ടായ അപകടം ദർശനെ കവർന്നെടുത്തത്.

അപകടത്തിൽ ദർശന് ഗുരുതരമായി പരിക്കേറ്റ കാര്യം അറിഞ്ഞതോടെ ഒരു ഗ്രാമമാകെ പ്രാർത്ഥനയിലായിരുന്നു. ഇത് വിഫലമാക്കിയാണ് വിധി വില്ലനായെത്തിയത്. സുഹൃത്തുക്കളോടും അയൽക്കാരുമായും വലിയ സൗഹൃദത്തിനുടമയായിരുന്ന ദർശന്റെ മരണവാർത്ത ഉൾക്കൊള്ളാൻ ഇനിയും കൊക്കോട്ടേല നിവാസികൾക്കായിട്ടില്ല.

നേരത്തെ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ദർശന്റെ കുടുംബം രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അമ്മ ദീപലതയുടെ കൊക്കോട്ടേലയിലെ കുടുംബവീട്ടിന് സമീപം പുതിയ വീട് നിർമ്മിച്ച് താമസമാക്കിയത്. കാട്ടാക്കട നെല്ലിക്കാട് സെന്റ്മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ദർശൻ. സുഹൃത്തായ പെരിങ്കടവിള മാമ്പഴക്കര സ്വദേശി ആദർശിനൊപ്പം (19) യാത്രചെയ്യുമ്പോഴാണ് ബുധനാഴ്ച ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ വന്ന ലോറിയിൽ ഇടിച്ചുകയറിയത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ദർശനെ രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ ദർശൻ തുടക്കംമുതൽ വെന്റിലേറ്ററിലായിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. ആദർശ് ഇപ്പോഴും ചികിത്സയിലാണ്.