ത്രിതല പഞ്ചായത്ത്, സഹകരണ സ്ഥാപന ഭാരവാഹികൾ വേണ്ടെന്ന് നിർദ്ദേശം

തിരുവനന്തപുരം:ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമ പാനൽ ഈയാഴ്ച സമർപ്പിക്കാൻ ജില്ലകളുടെ ചുമതലയുള്ള ജനറൽസെക്രട്ടറിമാർക്കും ഡി.സി.സി പ്രസിഡന്റുമാർക്കും കെ.പി.സി.സി നിർദ്ദേശം.

ജില്ലകളിൽ നേതാക്കളുമായി നടത്തിയ പുന:സംഘടനാ ചർച്ചയുടെ വിശദാംശങ്ങൾ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിളിച്ച യോഗത്തിൽ ജനറൽസെക്രട്ടറിമാർ അവതരിപ്പിച്ചു. നിലവിലുള്ള ഭാരവാഹികളിൽ നിന്ന് പൂർണസമയം പ്രവർത്തിക്കാൻ കഴിവുള്ളവരെ മെറിറ്റടിസ്ഥാനത്തിൽ മാത്രം നിയമിക്കണമെന്നും ബ്ലോക്ക് പ്രസിഡന്റുമാരിൽ അർഹരായവരെ തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശവുമുണ്ടായി. എന്നാൽ നിലവിലുള്ളവരെല്ലാം മാറി പുതിയ ടീം വരട്ടെയെന്ന നിർദ്ദേശത്തിന് മേൽക്കൈയുണ്ടായി. നിലവിലുള്ള കുറച്ച് പേർ മാത്രം നിയോഗിക്കപ്പെടുമ്പോൾ മറ്റുള്ളവർ തഴയപ്പെട്ടെന്ന പ്രതീതിയുണ്ടാകുമെന്നും അതൊഴിവാക്കണമെന്നുമാണ് അഭിപ്രായമുയർന്നത്.

ത്രിതല പഞ്ചായത്ത് ഭാരവാഹികളെയും സഹകരണസ്ഥാപനങ്ങളിലെ ഭാരവാഹികളെയും ഒഴിവാക്കണമെന്നും നിർദ്ദേശമുയർന്നു. ഇതോടെ ചർച്ചയിലെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് അന്തിമ മാനദണ്ഡം നിശ്ചയിക്കാൻ കെ.പി.സി.സി പ്രസിഡന്റിനെയും സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയെയും ചുമതലപ്പെടുത്തി. രണ്ട് ദിവസത്തിനകം അന്തിമതീർപ്പുണ്ടാക്കിയ ശേഷം ജനറൽസെക്രട്ടറിമാർ വീണ്ടും ജില്ലകളിലെത്തി ചർച്ച ചെയ്ത് അന്തിമപാനലുണ്ടാക്കും. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ നിരീക്ഷിക്കാനായി പ്രത്യേകസമിതികളെ നിയോഗിക്കും. സി.യു.സികളോട് സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാനും ഡി.സി.സി പ്രസിഡന്റുമാരോട് യോഗം നിർദ്ദേശിച്ചു.

ചെന്നിത്തലയെ ചൊല്ലി വാഗ്വാദം

ആലപ്പുഴ ഡി.സി.സി യോഗത്തിൽ ജില്ലാ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറി പ്രതാപവർമ തമ്പാൻ രമേശ് ചെന്നിത്തലയെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് രംഗത്തെത്തിയത് തർക്കത്തിനിടയാക്കി. രമേശിനെ എൻ.എസ്.എസ് നോമിനി മാത്രമാക്കി വിശേഷിപ്പിച്ചത് ശരിയായില്ലെന്നും പാരമ്പര്യമുള്ള നേതാവിനെ മാനിക്കണമായിരുന്നെന്നും ബാബു പ്രസാദ് പറഞ്ഞു. എന്നാൽ തനിക്ക് എസ്.എൻ.ഡി.പിയോഗത്തിന്റെ പിന്തുണയോടെ സീറ്റ് ലഭിച്ചതിന് സമാനമായി രമേശിനും ഒരുതവണ സീറ്റ് ലഭിച്ചത് എൻ.എസ്.എസ് പിന്തുണയോടെയാണെന്നാണ് താൻ പറഞ്ഞതെന്ന് തമ്പാൻ മറുപടി നൽകി. കെ.പി.സി.സി പ്രസിഡന്റ് ഇരുവരെയും ശാന്തരാക്കി.

അച്ചടക്കസമിതി ഇന്ന്

കെ.പി.സി.സി അച്ചടക്കസമിതിയെ ഇന്ന് രാവിലെ പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിക്കും. സമിതിയിൽ മൂന്നംഗങ്ങൾ മതിയോ അഞ്ച് പേർ വേണോയെന്ന് ആശയക്കുഴപ്പമുണ്ട്. കെ. മോഹൻകുമാർ, ടി.വി. ചന്ദ്രമോഹൻ, വി.എസ്. വിജയരാഘവൻ, പി.ജെ. ജോയി തുടങ്ങിയ പേരുകൾ പ്രചരിക്കുന്നുണ്ട്.