കാട്ടാക്കട: മദ്യലഹരിയിൽ ജുവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച മുൻ പൊലീസുകാരൻ പിടിയിൽ. കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് സ്വദേശി ശ്രീനിവാസനാണ് (53) കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. കാട്ടാക്കട അറഫ ജുവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ആന്റണിയെ (50) മർദ്ദിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ രാത്രി 9ഓടെയായിരുന്നു സംഭവം.

ജുവലറിക്ക് മുന്നിൽ നിന്ന ആന്റണിയെ പ്രകോപനമൊന്നും കൂടാതെ ശ്രീനിവാസൻ മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് വഴിയാത്രക്കാരനായ മറ്രൊരാളെയും ഇയാൾ മർദ്ദിച്ചിരുന്നു. ഇയാൾ ഒരാഴ്ചമുമ്പ് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ തലതല്ലി പൊട്ടിച്ചിരുന്നു. സ്ഥിരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ ഏറെനാൾ മുമ്പ് ശ്രീനിവാസനെ പൊലീസിൽ നിന്ന് പുറത്താക്കിയതായി കാട്ടാക്കട പൊലീസ് വ്യക്തമാക്കി.