photo1

പാലോട്: അപൂർവ പക്ഷി വർഗങ്ങളുടെ പറുദീസയാണ് ഏഷ്യയിലെ ഏറ്റവും വലിയ കണ്ടൽ ചതുപ്പ് പ്രദേശമായ ശാസ്താംനടയോട് ചേർന്ന അരിപ്പ. കുളത്തൂപുഴ ഫോറസ്റ്റ് റെയ്ഞ്ചിൽപ്പെട്ട അരിപ്പ ഇന്നും സർക്കാർ രേഖകളിൽ പക്ഷി സങ്കേതമല്ല.

പ്രശസ്തമായ തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്തതരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയത്. വളരെ അധികം അപൂർവമായ മക്കാച്ചിക്കാട എന്ന അപൂർവ പക്ഷി വർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി പക്ഷി നിരീക്ഷകർ അരിപ്പയിലെ ഈ മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ പക്ഷിയെ വനം വകുപ്പിന്റെ രേഖകളിൽ ഉൾപ്പെടുത്താത്തതിൽ ശാസ്തജ്ഞർക്ക് ആക്ഷേപമുണ്ട്.

കേരളത്തിൽ കാണുന്ന ബ്ലാക്ക് വുഡ് പെക്കർ എന്ന കാക്ക മരംകൊത്തിയും പക്ഷികളിലെ ഗായകനായ ഇന്ത്യൻ ക്ഷാമയും ഇവിടെ ധാരാളമായി കണ്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായും ഇതിന് പരിഹാരമായി സർക്കാർ 'അരിപ്പ' പക്ഷിസങ്കേതമായി പ്രഖ്യാപിച്ച് സംരക്ഷണമൊരുക്കണമെന്നുമാണ് ഗവേഷകർ ആവശ്യപ്പെടുന്നത്.

പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, മാൻ, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും വൈവിദ്ധ്യങ്ങളായ സസ്യജാലങ്ങളും ഈ വനമേഖലയിലുണ്ട്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയ്‌നിംഗ് കോളേജ് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

സർക്കാർ അരിപ്പയെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചാൽ സമീപത്തുള്ള ആര്യങ്കാവ്, പൊൻമുടി, പാലരുവി, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ വിനോദ പഠനകേന്ദ്രങ്ങളെല്ലാം ഉണർവിലാകും. കൂടാതെ പൊതുജനങ്ങൾക്ക് പക്ഷികളെക്കുറിച്ച് പഠിക്കാനും കഴിയും. ഹരിതഭംഗി തുളുമ്പുന്ന പച്ചപ്പ് നിലനിറുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ നിന്ന് കണ്ടെത്തിയത്

താടിക്കാരൻ വേലിതത്ത, കാട്ടുമൂങ്ങ, ചാരതലയൻ ബുൾബുൾ, മീൻ പരുന്ത്, മേനി പൊൻമാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപരുന്ത്, മീൻ കൂമൻ, മേനിപ്രാവ്, കോഴി വേഴാമ്പൽ, ഉപ്പൻ കുയിൽ, കാട്ടുതത്ത

ഇവിടെ ഏറ്റവും കൂടുതൽ പക്ഷികളെ കാണാൻ കഴിയുന്നത്

ജൂലായ് മുതൽ ഡിസംബർ വരെ