വിതുര: വിതുര-നെടുമങ്ങാട് റോഡിലെ കുഴികൾ ഡിസംമ്പർ 31 നകം നികത്തുമെന്ന് പി.ഡബ്യൂ.ഡി നെടുമങ്ങാട് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സജിത് കേരളകൗമുദിയോട് പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ നിമിത്തം പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സി.പി.എം വിതുര ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ. ഷൗക്കത്തലി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുമായി ബന്ധപ്പെട്ടിരുന്നു. മന്ത്രി ജി.ആർ.അനിലും, എം.എൽ.എമാരായ ഡി.കെ. മുരളിയും, ജി.സ്റ്റീഫനും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെട്ടു. ചുള്ളിമാനൂർ മുതൽ ഇരുത്തലമൂലവരെയാണ് റോഡ് ഏറെ തകർന്നുകിടക്കുന്നത്. നെടുമങ്ങാട്, വാമനപുരം,അരുവിക്കര എന്നീ മുന്ന് അസംബ്ളി മണ്ഡലങ്ങളിലൂടെയാണ് നെടുമങ്ങാട്-പൊൻമുടി റോഡ് കടന്നുപോകുന്നത്. അനവധി അപകടങ്ങളും, അപകടമരണങ്ങളും നടന്നിട്ടും റോഡിലെ കുഴികൾ നികത്താൻ അധികാരികൾ നടപടിയെടുക്കാത്തതിനെതിരെ ജനരോഷം ഉയർന്നിരുന്നു.
തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ, വിതുര, പാലോട് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഗട്ടറുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ മിക്ക ഭാഗത്തും നാട്ടുകാർ കല്ലും മണ്ണും ഇട്ട് കുഴികൾ മൂടുകയായിരുന്നു.
തുക അനുവദിച്ചു
പൊൻമുടി സംസ്ഥാനപാതയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 167 കോടി രൂപ അനുവദിച്ചു .ചുള്ളിമാനൂർ മുതൽ പൊൻമുടിവരെ റോഡ് അത്യാധുനികരീതിയിൽ നവീകരിക്കുന്നതിനായാണ് ഫണ്ട് അനുവദിച്ചത്. ആദ്യമായി ചുള്ളിമാനൂർ മുതൽ കല്ലാർ ഗോൾഡൻവാലി വരെയുള്ള കുഴികൾ നികത്താനാണ് തീരുമാനം. തുടർന്ന് ചുള്ളിമാനൂർ മുതൽ കല്ലാർ വരെ പുറമ്പോക്ക് ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടും. കല്ലാർ മുതൽ പൊൻമുടിവരെ വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് നവീകരണപ്രവർത്തനങ്ങൾ നടത്താെനാണ് തീരുമാനം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും,വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പൊൻമുടി റോഡ് വികസിപ്പിക്കുന്നത്. ആൻഡക് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പിയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്.റോഡിന്റെ നിർമ്മാണേദ്ഘാടനം 2022 ജനുവരിയിൽ നടക്കും.