dd

നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധിയിൽ നിറുത്തി വച്ച സർവീസുകൾ ഇനിയും പുനഃക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകുന്നില്ലെന്ന് പരാതി. ഇതോടെ ജനങ്ങളുടെ യാത്രാ ദുരിതവും വർദ്ധിച്ചു. നെയ്യാറ്റിൻകരയിൽ കൊവിഡിനോടനുബന്ധിച്ച് നിറുത്തിവച്ച സർവീസുകൾ ഇനിയും പുനഃരാരംഭിക്കാൻ അധികൃതർ തയാറാവത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഗ്രാമപ്രദേശങ്ങളുൾപ്പെടെയുളള ജനത്തിന്റെ യാത്രാക്ലേശം രൂക്ഷമായി. ദിനം പ്രതി രണ്ടും മൂന്നും സർവീസുകൾ മാത്രമുണ്ടായിരുന്ന ഉൾപ്രദേശങ്ങളിലാകട്ടെ സർവീസുകൾ പാടെ നിലച്ചമട്ടാണ്. ജനങ്ങൾക്ക് ഇപ്പോൾ ഏക ആശ്വാസം സമാന്തര സർ‌വീസുകൾ മാത്രമാണ്. താലൂക്കിൽ നെയ്യാറ്റിൻകര, പാറശാല, വെളളറട, പൂവാ‌‌ർ, വിഴിഞ്ഞം തുടങ്ങിയ ഡിപ്പോകളിൽ നിന്നുളള ബസുകളാണ് സർവീസ് നടത്തുന്നത്. ലോക്ഡൗൺ പിൻവലിച്ചെങ്കിലും ഒതുക്കിയിട്ടിരിക്കുന്ന ബസുകൾ സർവീസിനായി ഉപയോഗിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്. സ്കൂളുകളും കോളേജുകളും തുറന്ന് ജനജീവിതം സാധാരണ രീതിയിലായ സാഹചര്യത്തിൽ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.