തിരുവനന്തപുരം: വൈസ് ചാൻസലർ നിയമന വിവാദത്തിൽ മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.

യുവമോർച്ച ജില്ലാട്രഷറർ ചൂണ്ടിക്കൽ ഹരിക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും യുവമോർച്ചാ നേതാക്കളും ഇടപെട്ടാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്. പ്രവർത്തകർ പിന്നീട് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മന്ത്രി നടത്തിയത് പച്ചയായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്‌ത യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അദ്ധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ബി.എൽ. അജേഷ്, ആശാനാഥ്, മനു പ്രസാദ്, വീണ, ജമുൻ ജഹാഗീർ, കുളങ്ങരക്കോണം കിരൺ, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, മാണിനാട് സജി, കവിത സുഭാഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.