ko

കോവളം: ബാലരാമപുരം കൈത്തറി നെയ്ത്ത് ശാലകൾ ഇനി ഓസ്കാർ വേദികളിൽ തിളങ്ങും. പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറി സംരംഭകർക്ക് തുണയാകാനാണ് സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) പുതിയ ആശയവുമായി മുന്നോട്ടു വരുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ കൈത്തറി ഗ്രാമമായ കോട്ടുകാലിലെ പയറ്റുവിളയിൽ എത്തി.

അടുത്തിലെ പയറ്റുവിളയിൽ പുഷ്പാ ഹാന്റ് ലൂമിൽ ഐശ്വര്യ റായിക്ക് വേണ്ടി നെയ്ത കലാകേളി സാരി ചാനലുകളിൽ ഉൾപ്പെടെ കൗതുകമുണർത്തിയിരുന്നു.

സംസ്ഥാനത്ത് മറ്റിടങ്ങളിലുള്ള കൈത്തറി വ്യവസായം പവർലൂമിലേക്ക് മാറിയപ്പോഴും പാരമ്പര്യ ശൈലി മുറുകെപ്പിടിച്ചുകൊണ്ട് പോകുന്നത് ബാലരാമപുരത്ത് മാത്രമാണ്. അതിനാൽ ഇവിടത്തെ തൊഴിലാളികൾക്ക് സാമൂഹികമായി സുരക്ഷ നൽകേണ്ടതിന്റെ ആവശ്യം പരിഗണിച്ചാണ് സിസ്സ ഇത്തരം സംരംഭവുമായി മുന്നോട്ട് വരുന്നത്.

കൊവിഡ് പ്രതിസന്ധി കാരണം ദുരിതത്തിലായ ബാലരാമപുരത്തെ കൈത്തറി സംരംഭകരെ സഹായിക്കാനായി നബാർഡിന്റെ സഹകരണത്തോടെ നേരത്തെ പല പദ്ധതികളും നടത്തി വിജയം കണ്ടിട്ടുണ്ട്. ബംഗളൂരു, അഹമ്മദാബാദ്, ഡൽഹി, മുംബയ്, കൊൽക്കത്ത എന്നിവിടങ്ങളിലും ബാലരാമപുരം കൈത്തറിക്ക് വൻ ഡിമാന്റാണ് ഉള്ളതെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. എസ്. സുരേഷ് കുമാർ, ശോഭ വിശ്വനാഥ് എന്നിവർ പറഞ്ഞു.

പ്രധാനമന്ത്രിക്കും 'സാരി'

കലാകേളി സാരിക്ക് പുറമെ ഇവിടെ ഇന്ത്യാ മോദി സാരിയുടെ നെയ്ത്തു ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള സാരി അടുത്ത മാസം ഡൽഹിയിൽ പ്രധാനമന്ത്രിക്ക് നേരിട്ട് നൽകുമെന്നും പുഷ്പാ ഹാന്റ് ലൂം സന്ദർശിച്ച കേന്ദമന്ത്രി വി. മുരളീധരൻ പറഞ്ഞു.

പ്രതീക്ഷയോടെ തൊഴിലാളികൾ

സിസ്സ സംഘടിപ്പിച്ച പരിപാടികൾ വിജയം കണ്ടിട്ടുള്ളത് കാരണം ഇത്തരം ഒരു പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് ബാലരാമപുരത്തെ കൈത്തറി വ്യവസായികൾ നോക്കിക്കാണുന്നത്. വർഷങ്ങൾക്ക് മുൻപ് സിസ്സ ഇത് പോലെ പ്രൊമോട്ട് ചെയ്ത വാഴ മഹോത്സവവും, ചക്ക ഫെസ്റ്റിവെല്ലും വൻ വിജയമാകുകയും ആ രംഗത്തെ കർഷകർക്ക് വളരെയേറെ നേട്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ ബാലരാമപുരം കൈത്തറി വ്യവസായത്തെ ലോകോത്തര ഉത്പന്നമായി മാറ്റാനുള്ള പദ്ധതികളാണ് സിസ്സയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്.

ഡോക്യുമെന്ററിയും തയ്യാറാക്കുന്നു

കൈത്തറി മേഖലയെ ലോകപ്രശസ്തമാക്കാൻ വേണ്ടി ന്യൂയോർക്ക് ആസ്ഥാനമായ രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും, മൂവി മേക്കറും, മോട്ടിവേഷൻ സ്പീക്കറുമായ സഞ്ജന ജോൺ ബാലരാമപുരം കൈത്തറിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തയ്യാറാക്കുന്നുണ്ട്. നെയ്ത്തുശാലകളിൽ ഉത്പാദിപ്പിക്കുന്ന തുണികൾ വിവിധ രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനും ഇതോടൊപ്പം ബാലരാമപുരം കൈത്തറിക്ക് പ്രശസ്തി നേടിക്കൊടുക്കുകയുമാണ് ലക്ഷ്യം.